Sub Lead

ഇസ്രായേല്‍ തകര്‍ത്തത് 192 മസ്ജിദുകള്‍; മൂന്ന് ചര്‍ച്ചുകള്‍

ഇസ്രായേല്‍ തകര്‍ത്തത് 192 മസ്ജിദുകള്‍; മൂന്ന് ചര്‍ച്ചുകള്‍
X

ഗസാ സിറ്റി: ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണത്തിന് ഒരു കുറവുമില്ല. മാസം ഒന്ന് പിന്നിടുമ്പോഴും കുഞ്ഞുങ്ങളെയുള്‍പ്പെടെ കൂട്ടക്കശാപ്പ് നടത്തുകയാണ്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ഇടയ്ക്കിടെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അധിനിവേശകരായ ഇസ്രായേല്‍ അതൊന്നും അലട്ടുന്നില്ല. പതിനായിരത്തിലേറെ പേരെ കൊന്നൊടുക്കുകയും അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു മാസത്തിനിടെ 56 മുസ് ലിം പള്ളികളും മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ തകര്‍ത്തിട്ടുണ്ട്. 192 മസ്ജിദുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്്.


ഗസയെ സമ്പൂര്‍ണമായി വളഞ്ഞെന്ന് അവകാശപ്പെട്ട ഇസ്രായേല്‍ സൈന്യം തദ്ദേശവാസികളെ പൂര്‍ണമായും ആട്ടിയോടിക്കാനുള്ള തീരുമാനത്തിലാണെന്ന് വ്യക്തമാവുന്നുണ്ട്. മാത്രമല്ല, യുദ്ധത്തിനു ശേഷം ഗസയുടെ അധികാരം ഇസ്രായേല്‍ ഏറ്റെടുക്കുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നു പറഞ്ഞ് തുടങ്ങിയ ആക്രമണത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഇതിനിടെയാണ്, ഒക്ടോബര്‍ ഏഴിന്റെ തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷം ഇസ്രായേല്‍ ആക്രമണത്തില്‍ ആരാധനാലയങ്ങള്‍ കൂട്ടത്തോടെ തകര്‍ക്കപ്പെട്ടതായി വിവരങ്ങള്‍ പുറത്തുവരുന്നത്. 'ഇസ്രായേല്‍ ആക്രമണത്തില്‍ 192 മസ്ജിദുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ 56 പള്ളികള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകളും ആക്രമിച്ചതായിഗസ സിറ്റിയിലെ മീഡിയ ഓഫിസ് വക്താവ് സലാമ മറൂഫ് വ്യക്തമാക്കി. 192 മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങളും 32 ആംബുലന്‍സുകളും തകര്‍ത്തിട്ടുണ്ട്. കുറഞ്ഞത് 113 ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 16 ആശുപത്രികളും 32 ആരോഗ്യ കേന്ദ്രങ്ങളും സേവനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായും മീഡിയി ഓഫിസ് അറിയിച്ചു. ഏകദേശം 222,000 റെസിഡന്‍ഷ്യല്‍ യൂനിറ്റുകളെ ബാധിച്ചു. 10,000 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 40,000 റെസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍ അധിനിവേശത്താല്‍ നശിപ്പിക്കപ്പെട്ടതായി മറൂഫ് അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ അധിനിവേശം കാരണം 222 സ്‌കൂളുകള്‍ തകര്‍ത്തു. തുടര്‍ച്ചയായ ഷെല്ലാക്രമണം കാരണം വിവിധ തരത്തിലുള്ള നാശനഷ്ടങ്ങളാണുണ്ടായത്. 60 സ്‌കൂളുകള്‍ സേവനം നിര്‍ത്തിവച്ചു. ആക്രമണത്തിന്റെ തുടക്കം മുതല്‍ 88 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും അറിയിച്ചു.


യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഗസയില്‍ 'വന്‍തോതിലുള്ള ദുരന്തമാണ് പിടികൂടിയിട്ടുള്ളതെന്ന് യുഎന്‍ ഏജന്‍സി വ്യക്തമാക്കി. സഹായം നിഷേധിക്കപ്പെടുകയും വീടുകളില്‍ പോലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്യുകയാണ്. റഫയില്‍ ഒറ്റരാത്രികൊണ്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 16 പേരാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗസ 'കുട്ടികളുടെ ശ്മശാനമായി മാറുകയാണെന്ന്' യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞത് ഇസ്രായേലിനെ വീണ്ടും ചൊടിപ്പിച്ചിരിക്കുകയാണ് യുദ്ധാനന്തരം അനിശ്ചിതകാലത്തേക്ക് ഗസയുടെ നിയന്ത്രണം ഇസ്രായേലിനായിരിക്കുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചിപ്പിച്ചത്. ഒക്‌ടോബര്‍ ഏഴിനു ശേഷം ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ പതിനായിരത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു.

Next Story

RELATED STORIES

Share it