Sub Lead

ജെനിന്‍ അഭയാര്‍ഥി കാംപില്‍ ഇസ്രായേല്‍ ആക്രമണം; ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ജെനിന്‍ അഭയാര്‍ഥി കാംപില്‍ ഇസ്രായേല്‍ ആക്രമണം; ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
X

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി കാംപില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. സൈനികരും പോലിസും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് 'ഭീകരവിരുദ്ധ' നടപടികള്‍ തുടങ്ങിയതായി ഇസ്രായേല്‍ സൈന്യം നേരത്തേ അവകാശപ്പെട്ടിരുന്നെങ്കിലും വിശദ വിവരങ്ങള്‍ ഒന്നുംതന്നെ വെളിപ്പെടുത്തിയിരുന്നില്ല. കൊല്ലപ്പെട്ടവര്‍ ആരെല്ലാമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടുമില്ല.

ഫലസ്തീന്‍ അതോറിറ്റി സുരക്ഷാ സേനയുടെ വക്താവ് ഒരു പ്രസ്താവനയില്‍ പറയുന്നത് ഇപ്രകാരമാണ്: 'ഇസ്രായേലി സൈന്യം സിവിലിയന്മാര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിര്‍ത്തു. നിരവധി സിവിലിയന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ നില ഗുരുതരമായി തുടരുകയാണ്'.

'ഭീകരതയെ തുടച്ചുനീക്കാനാണ്' ഈ ആക്രമണം എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. 'അയണ്‍ വാള്‍' അഥവാ 'ഇരുമ്പ് ഭിത്തി' എന്നാണ് ഇപ്പോഴത്തെ ഓപറേഷന് പേര് നല്‍കിയിക്കുന്നതെന്ന് ഒരു ഇസ്രായേലി സൈനിക വക്താവും പറഞ്ഞു.

'കാംപിനുനേരെയുള്ള അധിനിവേശം' എന്നാണ് ആക്രമണത്തെ ജെനിന്‍ ഗവര്‍ണര്‍ കമാല്‍ അബ്ദുല്‍ റബ്ബ് വിശേഷിപ്പിച്ചതെന്ന് അസോഷ്യേറ്റഡ് ഫ്രഞ്ച് പ്രസ്സ് ന്യൂസ് ഏജന്‍സി പറയുന്നു.

'വളരെ പെട്ടെന്നായിരുന്നു അത്. ആകാശത്ത് അപ്പാഷെ വിമാനങ്ങള്‍. എവിടെയും ഇസ്രായേലി സൈനിക വാഹനങ്ങള്‍'-കമാല്‍ പറഞ്ഞു. ഇസ്രായേലി ആക്രമണത്തില്‍ 35 പേര്‍ക്കെങ്കിലും പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇസ്രായേല്‍ സേന നിരന്തരം റെയ്ഡുകളും വന്‍തോതിലുള്ള നിരവധി കടന്നാക്രമണങ്ങളും നടത്തിപ്പോന്ന ജെനിന്‍ കാംപിലെ ഇപ്പോഴത്തെ ആക്രമണം, അതും ഗസാ മുനമ്പില്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് തൊട്ടടുത്ത നാളില്‍ നടത്തിയ ആക്രമണം വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുമെന്ന ഭീഷണിയുടെ സൂചനയാണ്.


ഇസ്രായേലി കടന്നാക്രമണത്തിനുമുമ്പ് ജെനിന്‍ സിറ്റിയുടെയും അഭയാര്‍ഥി കാംപിന്റെയും നിയന്ത്രണമേറ്റെടുക്കുന്നതിനായി ഫലസ്തീന്‍ അതോറിറ്റി സുരക്ഷാ സേന ആഴ്ചകള്‍ നീണ്ട ഓപറേഷനുകള്‍ നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ഇസ്രായേലി സൈന്യം അഭയാര്‍ഥി കാംപില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് മൂന്നു ഫലസ്തീനികളെങ്കിലും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച ഇസ്രായേലി കുടിയേറ്റക്കാര്‍ ഇസ്രായേലി സൈന്യത്തിന്റെ സുരക്ഷാവലയത്തില്‍ ഫലസ്തീനികളുടെ വാഹനങ്ങളും വസ്തുവകകളും തീയിട്ടിരുന്നു. തദ്ഫലമായി വെസ്റ്റ് ബാങ്കിലുടനീളം കുറഞ്ഞത് 21 ഫലസ്തീനികള്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. മാസ്‌ക് ധരിച്ച ഡസന്‍ കണക്കിന് ഇസ്രായേലി സിവിലിയന്മാര്‍ക്ക് പങ്കുള്ള ഒരു സംഭവമാണതെന്നും സൈന്യം വ്യക്തമാക്കി.

Next Story

RELATED STORIES

Share it