Sub Lead

യുദ്ധവിരുദ്ധ പ്രതിഷേധം; ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം അടച്ചുപൂട്ടി

യുദ്ധവിരുദ്ധ പ്രതിഷേധം; ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം അടച്ചുപൂട്ടി
X

ജെറുസലേം: ഗസയില്‍ നടക്കുന്ന യുദ്ധത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം പോലിസ് അടച്ചുപൂട്ടി. ഹൈഫ ആസ്ഥാനമായുള്ള അടച്ചുപൂട്ടിയത്. യുദ്ധ-വംശഹത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഇസ്രായേലി പോലിസും യുദ്ധമന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും ഇസ്രായേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കടന്നാക്രമിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടിയുടെ ഹൈഫാ മേഖല സെക്രട്ടറി റീം ഹസനെ പോലിസ് രണ്ടാമതും വിളിച്ചുവരുത്തി ഐസിപിയുടെ നടപടികളെക്കുറിച്ച് ചോദ്യം ചെയ്തു. ഹസാനെ കസ്റ്റഡിയിലെടുത്ത ശേഷം ആര്‍ട്ടിസ്റ്റ് മുഹമ്മദ് ബക്രിയിന്റെ പുതിയ ചിത്രമായ 'ജെനിന്‍, ജെനിന്‍' പ്രദര്‍ശിപ്പിക്കുന്നതും ഗസ യുദ്ധത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യോഗങ്ങളും തടയാനും നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ആസ്ഥാനം അടച്ചിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ പീസ് ആന്റ് ഇക്വാലിറ്റിയും(ഹദാഷ്) നടപടിയെ പ്രസ്താവനയില്‍ അപലപിച്ചു. യുദ്ധത്തെയും ഈ സര്‍ക്കാരിന്റെ നയത്തെയും എതിര്‍ക്കുന്ന രാജ്യത്തെ രാഷ്ട്രീയ, പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ തടയുന്ന ഫാഷിസ്റ്റ് സമ്പ്രദായത്തിന്റെ ആഴത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഗസയിലെ ക്രിമിനല്‍ യുദ്ധം അവസാനിക്കുന്നതുവരെ യുദ്ധവിരുദ്ധ പ്രവര്‍ത്തനം തുടരുമെന്നും വെല്ലുവിളിച്ചു.

അതിനിടെ, പാര്‍ട്ടി ആസ്ഥാനം അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് തൊട്ടുപിന്നാലെ, ബ്രാഞ്ച് നേതൃത്വത്തിന്റെ നേതൃത്വത്തില്‍ ഹൈഫ നഗരത്തില്‍ അടിയന്തര സമ്മേളനം നടത്തി. ഐസിപിയിലെയും ഹദാഷിലെയും ദേശീയതല നേതാക്കള്‍ പങ്കെടുത്തു. തീരുമാനത്തിനെതിരേ പ്രകടനം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടത്താനും തീരുമാനിച്ചു. നിശബ്ദമാക്കാനുള്ള ശ്രമത്തോട് ഞങ്ങള്‍ നിശബ്ദത പാലിക്കില്ലെന്നും അധിനിവേശത്തിനും യുദ്ധത്തിനുമെതിരായ എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള പോലിസിന്റെയും സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ക്ക് കീഴടങ്ങുകയില്ലെന്നും അറബ്-ജൂയിഷ് പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ പീസ് സഖ്യം പ്രസ്താവിച്ചു. അധിനിവേശ പ്രദേശങ്ങള്‍ക്കുള്ളില്‍ നിന്നും ഫലസ്തീന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യുദ്ധത്തെയും അധിനിവേശത്തെയും എതിര്‍ക്കുന്ന ജനങ്ങള്‍ക്കും ശക്തികള്‍ക്കുമെതിരായ നീക്കമാണിതെന്ന് പ്രസ്താവിച്ചു.

Next Story

RELATED STORIES

Share it