Sub Lead

മസ്ജിദുല്‍ അഖ്‌സയില്‍ ജൂത പ്രാര്‍ഥന നടത്തി; പ്രകോപനവുമായി ഇസ്രായേല്‍ മന്ത്രിമാരും സംഘവും, വ്യാപക പ്രതിഷേധം(വീഡിയോ)

മസ്ജിദുല്‍ അഖ്‌സയില്‍ ജൂത പ്രാര്‍ഥന നടത്തി; പ്രകോപനവുമായി ഇസ്രായേല്‍ മന്ത്രിമാരും സംഘവും, വ്യാപക പ്രതിഷേധം(വീഡിയോ)
X

ജെറുസലേം: മുസ്‌ലിംകള്‍ക്ക് മാത്രം ആരാധന നടത്താന്‍ അനുവാദം നല്‍കുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള ക്രമീകരണങ്ങള്‍ ലംഘിച്ച് ചൊവ്വാഴ്ച മന്ത്രിമാരുടെ നേതൃത്വത്തില്‍ ഡസന്‍ കണക്കിന് ഇസ്രായേലികള്‍ അല്‍അഖ്‌സ മസ്ജിദില്‍ ജൂത പ്രാര്‍ഥന നടത്തി. ഞങ്ങളുടെ നയം ടെംപിള്‍ മൗണ്ടില്‍ ജൂത പ്രാര്‍ഥന അനുവദിക്കുക എന്നതാണെന്ന് ഇസ്രായേല്‍ മന്ത്രിയും തീവ്ര വലതുപക്ഷ വിഭാഗക്കാരനുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു.

അല്‍അഖ്‌സ പള്ളി ടെംപിള്‍ മൗണ്ട് ആണെന്നാണ് യഹൂദമതക്കാരുടെ അവകാശവാദം. മുസ് ലിംകളുടെ ഒന്നാം ഖിബ് ലയെന്നറിയപ്പെടുന്ന മസ്ജിദുല്‍ അഖ്‌സയിലും കോംപൗണ്ടിലും പ്രാര്‍ഥനാ ഹാളുകളിലും പതിറ്റാണ്ടുകളായി മുസ് ലിംകള്‍ക്ക് മാത്രമാണ് പ്രാര്‍ഥനയ്ക്ക് അനുമതിയുണ്ടായിരുന്നത്. പള്ളിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ജോര്‍ദാന്‍-ഫലസ്തീന്‍ സംയുക്ത ഇസ് ലാമിക് ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ അമുസ് ലിംകള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇസ്രായേല്‍ അധികാരികള്‍ ഇത് മറികടന്ന് അതിക്രമം നടത്താറുണ്ട്. കുടിയേറ്റക്കാര്‍ക്കും തീവ്ര വലതുപക്ഷ വാദികള്‍ക്കും കനത്ത സായുധ സേനയുടെ സംരക്ഷണത്തില്‍ പ്രദേശത്തേക്ക് കടക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച 2,250ലധികം ആളുകള്‍ പങ്കെടുത്തതായാണ് ആരോപണം. ഇസ്രായേലി പതാകകള്‍ ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. ബെന്‍ ഗ്വിര്‍ ഉള്‍പ്പെടെ രണ്ട് മന്ത്രിമാരും ഒരു നിയമസഭാംഗവും കൂട്ടത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ലസ്തീന്‍ അതോറിറ്റിയും ജോര്‍ദാനും തുര്‍ക്കിയും അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാജ്യങ്ങള്‍ വിശേഷിപ്പിച്ചു. പലപ്പോഴും മുസ് ലിംകളെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്താണ് അതിക്രമം നടത്താറുള്ളത്. നേരത്തെയും അല്‍ അഖ്‌സ മസ്ജിദില്‍ അതിക്രമിച്ചു ബെന്‍ ഗ്വിര്‍ അതിക്രമിച്ചുകയറിയിരുന്നു.


അല്‍അഖ്‌സ മസ്ജിദിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ച് ഒന്ന് ജൂതന്മാര്‍ക്കും മറ്റൊന്ന് മുസ് ലിംകള്‍ക്കും നല്‍കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പിന്തുണയുള്ള വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ഫലസ്തീനികള്‍ ആരോപിച്ചു. 'ടെംപിള്‍ മൗണ്ട് ഗ്രൂപ്പുകള്‍' എന്നറിയപ്പെടുന്ന ഇസ്രായേല്‍ സംഘടനകള്‍ അല്‍അഖ്‌സ മസ്ജിദില്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കി യഹൂദ സാന്നിധ്യം വര്‍ധിപ്പിക്കുകയും മസ്ജിദും ഡോം ഓഫ് ദി റോക്കും നശിപ്പിക്കുകയും ചെയ്യണമെന്ന് വാദിക്കുകയും ചെയ്യുന്നവരാണ്.


ഇത്തരത്തില്‍ ഡസന്‍ കണക്കിന് ടെംപിള്‍ മൗണ്ട് പ്രവര്‍ത്തകരാണ് ഇസ്രായേല്‍ പോലിസിന്റെ സംരക്ഷണത്തില്‍ പള്ളിയില്‍ പ്രവേശിക്കുന്നത്. അതേസമയം, മന്ത്രിമാരുടെയും സംഘത്തിന്റെയും അതിക്രമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് തള്ളി. മന്ത്രിമാര്‍ക്ക് അവരുടെ സ്വന്തം നയങ്ങള്‍ നടപ്പാക്കാനാവില്ലെന്നും സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്നതില്‍ നിന്നുള്ള വ്യതിചലനമാണിതെന്നും ഓഫിസ് വ്യക്തമാക്കി. ഇതിനെതിരേ ബെന്‍ഗ്വിര്‍ തിരിച്ചടിച്ചു. ടെംപിള്‍ മൗണ്ട് ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും ജൂതന്‍മാര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം പ്രാപ്തമാക്കുക എന്നതാണ് ദേശീയ സുരക്ഷാ മന്ത്രിയുടെ നയമെന്നും ഭാവിയിലും ജൂതന്മാര്‍ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ കാരണങ്ങളാല്‍ അല്‍അഖ്‌സ പള്ളിയിലേക്കുള്ള ജൂത സന്ദര്‍ശനങ്ങളെ എതിര്‍ക്കുന്ന ഇസ്രായേലി പ്രതിപക്ഷവും തീവ്ര ഓര്‍ത്തഡോക്‌സ് സഖ്യകക്ഷികളും ബെന്‍ ഗ്വിറിനെതിരേ രംഗത്തെത്തി. ബെന്‍ ഗ്വിറിന്റെ പ്രസ്താവന ഇസ്രായേല്‍ പൗരന്മാരുടെയും സൈനികരുടെയും ജീവന്‍ അപകടത്തിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു. 'സര്‍ക്കാരിലെ നിരുത്തരവാദപരമായ ഒരു കൂട്ടം തീവ്രവാദികള്‍ ഇസ്രായേലിനെ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it