Sub Lead

രാമക്ഷേത്ര നിര്‍മാണം: പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനക്കെതിരേ പ്രതിഷേധം; മുസ്‌ലിംലീഗ് അടിയന്തര യോഗം നാളെ

കോണ്‍ഗ്രസ്സിനെതിരേ മുസ് ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും മുസ് ലിംലീഗ് മൗനം തുടരുന്നത് ചര്‍ച്ചയായിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മാണം:  പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനക്കെതിരേ പ്രതിഷേധം; മുസ്‌ലിംലീഗ് അടിയന്തര യോഗം നാളെ
X

പാണക്കാട്: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മിക്കുന്നതിനെ പിന്തുണച്ച് കൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്സിനെതിരേ മുസ് ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും മുസ് ലിംലീഗ് മൗനം തുടരുന്നത് ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവനയില്‍ മുസ്‌ലിം ലീഗിനുള്ളിലും അമര്‍ഷം ഉയരുന്നുണ്ട്. പ്രിയങ്കയുടെ പ്രസ്താവന വന്ന സാഹചര്യത്തില്‍ നാളെ ദേശീയ ഭാരവാഹികളുടെ അടിയന്തരയോഗം മുസ്‌ലിം ലീഗ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

രാമക്ഷേത്രം നിര്‍മാണത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ അനുകൂലിച്ചതടക്കമുള്ള കാര്യങ്ങള്‍ പാണക്കാട് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.

രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേരത്തെ രംഗത്തെത്തിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച കമല്‍നാഥിന്റെയും ദിഗ്‌വിജയ് സംഗിന്റെയും നിലപാട് മതേതരവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നായിരുന്നു സമസ്തയുടെ വിമര്‍ശനം.

മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായ കമല്‍നാഥും ദിഗ്‌വിജയ് സിംഗും രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് യുഡിഎഫുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സമസ്തയെ പ്രകോപിപ്പിച്ചത്.

ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം പണിയുന്നത് ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയെന്ന കമല്‍നാഥിന്റെ പരാമര്‍ശം ബാലിശമെന്ന് സുപ്രഭാതം എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. 17 കോടി മുസ്ലിങ്ങളുടെ ഹൃദയം കീറിമുറിച്ചാണ് ക്ഷേത്രത്തിന് തറയൊരുക്കുന്നതെന്ന് കമല്‍നാഥ് കാണാതെ പോയി. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നാണ് രാജീവ് ഗാന്ധിയും ആഗ്രഹിച്ചതെന്ന് ദിഗ്‌വിജയ് സിംഗ് പറയുന്നു. ഇത്തരമൊരു ആഗ്രഹം രാജീവ് ദിഗ്‌വിജയ് സിംഗുമായി പങ്കുവച്ചിരുന്നോ എന്ന് സമസ്ത ചോദിക്കുന്നു.

രാഷ്ട്രീയ ലാഭത്തിനായാണ് രാജീവ് ഗാന്ധി ബാബറി മസ്ജിദ് തുറന്നുകൊടുത്തത്. എന്നാല്‍ നേട്ടം കൊയ്തതാകട്ടെ തീവ്ര ഹിന്ദുത്വ വക്താക്കളും. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊളളുന്നില്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസ് മാഞ്ഞുപോകുന്ന കാലം വിദൂരമല്ലെന്നും സമസ്ത ഓര്‍മിപ്പിക്കുന്നു.

Next Story

RELATED STORIES

Share it