Sub Lead

ഭരണകൂട വിമര്‍ശനം: സംവിധായകന്‍ ജാഫര്‍ പനാഹിയെ തുറുങ്കിലടച്ച് ഇറാന്‍

ഒരു ദശാബ്ദത്തിന് മുമ്പുള്ള കേസില്‍ ആറ് വര്‍ഷം തടവിന് പനാഹിയെ നേരത്തേ ശിക്ഷിച്ചിരുന്നു. അന്ന് തടവിലാക്കപ്പെട്ട ജാഫറിനെ രണ്ട് മാസമാണ് തടവില്‍ പാര്‍പ്പിച്ചത്. പിന്നീട് ഉപാധികളോട് ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. അന്നത്തെ ശിക്ഷയുടെ ബാക്കി ഇപ്പോള്‍ അനുഭവിക്കണമെന്നാണ് കോടതി വിധി

ഭരണകൂട വിമര്‍ശനം: സംവിധായകന്‍ ജാഫര്‍ പനാഹിയെ തുറുങ്കിലടച്ച് ഇറാന്‍
X

തിരുവനന്തപുരം: ലോകപ്രശസ്ത സംവിധായകന്‍ ജാഫര്‍ പനാഹിയെ ഇറാന്‍ തുറങ്കിലടച്ചു. ഒരു ദശാബ്ദത്തിന് മുമ്പുള്ള കേസില്‍ ആറ് വര്‍ഷം തടവിന് പനാഹിയെ നേരത്തേ ശിക്ഷിച്ചിരുന്നു. അന്ന് തടവിലാക്കപ്പെട്ട ജാഫറിനെ രണ്ട് മാസമാണ് തടവില്‍ പാര്‍പ്പിച്ചത്. പിന്നീട് ഉപാധികളോട് ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. അന്നത്തെ ശിക്ഷയുടെ ബാക്കി ഇപ്പോള്‍ അനുഭവിക്കണമെന്നാണ് കോടതി വിധി. ഇത് പ്രകാരമാണ് ജാഫറിനെ വീണ്ടും തടവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് പനാഹിയെ ജയിലില്‍ അടച്ചതായി ഇറാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

കഴിഞ്ഞയാഴ്ച പൊലീസ് ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ സര്‍ക്കാര്‍ ജയിലില്‍ അടച്ച രണ്ട് സംവിധായകരെക്കുറിച്ച് അന്വേഷിക്കാന്‍ ജയിലില്‍ എത്തിയപ്പോള്‍ ആയിരുന്നു അറസ്റ്റ്. 2007ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷനായിരുന്നു ജാഫര്‍ പനാഹി. ഇറാന്‍ സിനിമയെ ലോകമെങ്ങുമുള്ള വേദികളില്‍ എത്തിച്ച ചലച്ചിത്ര പ്രതിഭ കൂടിയാണ് ജാഫര്‍ പനാഹി.

അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ജാഫര്‍ പനാഹിയുടെ സിനിമകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ബഹുഭൂരിപക്ഷവും ഇറാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി കിട്ടിയിരുന്നില്ല. മിക്കവയ്ക്കും നിരോധനം ഏര്‍പ്പെടുത്തി പനാഹിയെ നിശബ്ദരാക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്നു. സ്ത്രീകള്‍ക്ക് കായിക മത്സര വേദികളില്‍ വിലക്കുള്ള രാജ്യമാണ് ഇറാന്‍. ഇവിടെ ആണ്‍വേഷം കെട്ടി ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുന്ന പെണ്‍കുട്ടികളുടെ കഥ പറഞ്ഞ 'ഓഫ്‌സൈഡ്' അടക്കം പനാഹിയുടെ മിക്ക സിനിമകളും കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ ഇറാനില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ സംവിധായകന്‍ ആണ് ജാഫര്‍ പനാഹി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ട് സംവിധായകരെ നേരത്തെ തന്നെ ഇറാന്‍ ഭരണകൂടം ജയിലില്‍ അടച്ചിരുന്നു. മുഹമ്മദ് റസൂലോഫ്, മുസ്തഫ അലഹ്മ്മദ് എന്നീ ലോകപ്രശസ്ത സംവിധായകരെയാണ് രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it