Sub Lead

ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല; ക്രൈംബ്രാഞ്ചിനെ തള്ളി സിബിഐ റിപോര്‍ട്ട്

ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല; ക്രൈംബ്രാഞ്ചിനെ തള്ളി സിബിഐ റിപോര്‍ട്ട്
X

തിരുവനന്തപുരം: ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തലുകള്‍ തള്ളി സബിഐ റിപോര്‍ട്ട്. ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും തിരോധാനത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ലെന്നും തിരുവനന്തപുരം സിജിഎം കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി. കേരളത്തിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ പരിശോധിച്ചു. പൊന്നാനി, ആര്യസമാജം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി. എന്തെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. മരിച്ചതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു. കൊവിഡ് കാലത്ത് ജെസ്‌ന വാക്‌സിന്‍ സ്വീകരിച്ചതിനോ കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനോ തെളിവ് കണ്ടെത്താനായില്ല. രാജ്യത്ത് റിപോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തയെങ്കിലും ജെസ്‌ന മരണപ്പെട്ടതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സിബിഐഅറിയിച്ചു. പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് ടെസ്റ്റിന് വിധേയമാക്കി. അവര്‍ നല്‍കിയ മൊഴിയെല്ലാം സത്യമാണ്. ജെസ്‌ന സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പതിവില്ല. ജെസ്‌നയെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്. സിബിഐ ഇന്റര്‍പോള്‍വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനാണ് നോട്ടീസ് നല്‍കിയത്. ഇന്റര്‍പോളില്‍ നിന്നും യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അന്വേഷണം അവസാനിപ്പിച്ചതായി കാണിച്ചാണ് കോടതിയില്‍ സിബി ഐ റിപോര്‍ട്ട് നല്‍കിയത്. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്‌ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോവുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ വിദ്യാര്‍ഥിനിയെ പിന്നെ കണ്ടെത്താനായിട്ടില്ല. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. സിബി ഐയുടെ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

Next Story

RELATED STORIES

Share it