Sub Lead

മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം: എസ് ഡി പി ഐ

മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം: എസ് ഡി പി ഐ
X

മലപ്പുറം: നേരത്തെ തന്നെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ഇപ്പോള്‍ ഭരണപക്ഷ എം.എല്‍.എ പി.വി അന്‍വര്‍ തന്നെ പരാതിയുമായി മുന്നോട്ടുവരികയും ചെയ്ത സാഹചര്യത്തതില്‍ മലപ്പുറം മുന്‍ എസ്.പി ആയിരുന്ന സുജിത് ദാസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ആവശ്യപ്പെട്ടു.

സുജിത് ദാസിനെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. എന്നാല്‍ എസ്.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ മുള്‍മുനയില്‍ ഉണ്ടായിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ചണ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു.

ന്യായമായ പ്രതിഷേധ പരിപാടികള്‍ക്ക് ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം നല്‍കിയത് വലിയ വിവാദമായിരുന്നു. അതുവഴി മലപ്പുറം ജില്ല കൂടുതല്‍ പ്രശ്‌നബാധിത ജില്ലയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോലിസിനെ ഉപയോഗപ്പെടുത്തിയത് മുതല്‍ എഎസ്‌ഐ ആയിരുന്ന ശ്രീകുമാറിന്റെ ആത്മഹത്യ കുറിപ്പ് കാണാതായതും കോട്ടക്കല്‍ പോലിസ് സ്റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട സമ്പത്തിക ക്രമക്കേടും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടപടി സ്വീകരിക്കുന്നതിന് പകരം അദ്ദേഹത്തെ ഹൈദരാബാദിലേക്ക് പുതിയ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ട്രെയിനിങ്ങിന് അയക്കുകയാണ് ചെയ്തത്. തുടര്‍ന്ന് തിരിച്ച വരുന്ന സമയത്ത് അദ്ദേഹത്തിന് പുതിയ പദവി നല്‍കുകയും പിന്നീട് പത്തനംതിട്ട എസ്.പിയായി നിയമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും മൂന്നര വര്‍ഷത്തോളം മലപ്പുറം ജില്ലയുടെ എസ്പി സ്ഥാനത്ത് ഇരുന്നു എന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്.

മാത്രവുമല്ല, അദ്ദേഹം എസ്.പി ആയിരിക്കെ എസ്.പി ഓഫീസ് പരിസരത്ത് നടന്ന മരംമുറിയുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് അദ്ദേഹം പി.വി അന്‍വര്‍ എം.എല്‍.എയോട് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രസ്തുത സംഭവത്തിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി വ്യാപകമായ പരാതികളുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും അന്‍വര്‍ പഴഞ്ഞി പറഞ്ഞു.



Next Story

RELATED STORIES

Share it