- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ വിപ്ലവനായിക
ആലപ്പുഴ: പോരാട്ടം തന്നെ ജീവിതചര്യയാക്കിയ കേരള രാഷ്ട്രീയത്തില്‍ പകരംവയ്ക്കാനില്ലാത്ത വിപ്ലവനായികയായിരുന്നു കെ ആര്‍ ഗൗരിയമ്മ. കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയായിരുന്നു ആ ജീവിതം. ജീവിതയാത്രയിലുടനീളം ഒരു പോരാളിയായിരുന്നു ഗൗരിയമ്മ. പാര്‍ട്ടിക്ക് വേണ്ടിയും പാര്‍ട്ടിക്കുള്ളിലും അവര്‍ ഒരുപോലെ പൊരുതി. 13 തവണ നിയമസഭാംഗവും ആറുതവണ മന്ത്രിയുമായി. സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‍.
കേരളീയ സമൂഹികജീവിതത്തിന്റെ ഗതിമാറ്റിയ നിരവധി ഭരണപരിഷ്‌കാരങ്ങളുടെ ശില്‍പി, ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീല്‍, ആദ്യ വനിതാമന്ത്രി, ആദ്യമന്ത്രിസഭയിലെ ശേഷിച്ചിരുന്ന ഏക അംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ ആള്‍ (16,832 ദിവസം) അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെന്ന കെ ആര്‍ ഗൗരിയമ്മയ്ക്ക്. പ്രശസ്ത കവിയും നടനുമൊക്കെയായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗൗരിയെന്ന തന്റെ കവിതയില്‍ പറഞ്ഞതുപോലെ.. 'കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി... ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു' ഒരു നൂറ്റാണ്ടിലെ വനിതകളുടെ ശബ്ദവും പ്രചോദനവുമൊക്കെയായിരുന്നു അവര്‍.
28ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം. ഒളിവുജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അതുല്യപ്രതിഭകളിലൊന്നായി ഗൗരിയമ്മ മാറിയത്. ചേര്‍ത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍നിന്ന് ബിരുദപഠനവും തിരുവനന്തപുരം ലോ കോളജില്‍നിന്നു നിയമബിരുദവും നേടി.
പ്രചോദനം സഹോദരനില്‍നിന്ന്
മൂത്ത സഹോദരനും ട്രേഡ് യൂനിയന്‍ നേതാവുമായിരുന്ന കെ ആര്‍ സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായി. തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരേ ഉയര്‍ന്ന പ്രതിഷേധവും പുന്നപ്ര- വയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. പി കൃഷ്ണപിള്ളയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്‍കിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി വി തോമസായിരുന്നു ഭര്‍ത്താവ്. 1957ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം ഇരുവരും രണ്ടുപാര്‍ട്ടിയിലായി. അതിനുശേഷം അകന്നായിരുന്നു ജീവിതവും.
13 തിരഞ്ഞെടുപ്പുകള്‍ വിജയിച്ചു, നിര്‍ണായക നിയമങ്ങള്‍ക്ക് നേതൃത്വം നല്‍കി
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മല്‍സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്. 1987ലെ തിരഞ്ഞെടുപ്പില്‍ കേരളത്തെ കെ ആര്‍ ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രിയായത്.
സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മല്‍സരിച്ചുവിജയിച്ചത്. ആദ്യ തിരഞ്ഞെടുപ്പില്‍തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്. 1956ല്‍ ഐക്യകേരളത്തിന്റെ ആദ്യമന്ത്രിസഭയില്‍ അംഗമായി.
1957ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ വകുപ്പുമന്ത്രിയുമായി. ഇക്കാലത്താണ് കേരളത്തിന്റെ ജാതകം തിരുത്തിയ കേരള കാര്‍ഷിക പരിഷ്‌കരണ നിയമവും ഭൂമി പതിച്ചുകൊടുക്കല്‍ നിയമവും നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും. അഞ്ചാം നിയമസഭയൊഴികെ ആദ്യ നിയമസഭ മുതല്‍ പതിനൊന്നാം നിയമസഭ വരെ എല്ലാ സഭകളിലും ഗൗരിയമ്മയുണ്ടായിരുന്നു. 2006ല്‍ അരൂരില്‍ എ എം ആരിഫിനോട് പരാജയപ്പെട്ടു. 12 തവണ നിയമസഭയിലേക്ക് മത്സരിച്ചതില്‍ രണ്ടാമത്തെ തോല്‍വി. അഞ്ച് തവണ മന്ത്രിയായി. റവന്യൂവിനു പുറമേ വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.
മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കൈയേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവ് നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.
ചരിത്രത്തില്‍ ഇടംനേടിയ ഭൂപരിഷ്‌കരണ നിയമം
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍വന്ന ആറാംനാള്‍ കെആര്‍ ഗൗരിയമ്മ എന്ന റവന്യു മന്ത്രി കുടിയിറക്ക് നിരോധന ഔര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കുമെന്ന ഉറച്ച നിലപാട്. തൊട്ടുപിന്നാലെ കര്‍ഷകബന്ധ ബില്ലും ഗൗരിയമ്മ അവതരിപ്പിച്ചു. കൈവശ ഭൂമിക്ക് പരിധി നിര്‍ണയിച്ച ദൃഢമായ തീരുമാനം.
ഗൗരിയമ്മയ്ക്കും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയക്കുമെതിരേ മുന്നാക്ക സമുദായങ്ങളുടെ പോര്‍വിളിക്കാണ് ബില്‍ വഴിയൊരുക്കിയത്. 1959 ജൂണ്‍ 11ന് ഗൗരിയമ്മയുടെ കര്‍ഷകബന്ധ ബില്‍ പാസായി. പിന്നാലെ കേരളത്തെ പ്രകമ്പനം കൊള്ളിച്ച വിമോചന സമരം. ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭ പുറത്താക്കപ്പെട്ടു. 1967ല്‍ ഇഎംസിന്റെ സപ്തകക്ഷി സര്‍ക്കാര്‍ ആധികാരത്തില്‍ വന്നപ്പോഴും ഗൗരിയമ്മ തന്നെ റവന്യുമന്ത്രി.
ഭൂപരിഷ്‌കരണ നിയമത്തിനുള്ള ശ്രമങ്ങള്‍ക്ക് ഗൗരിയമ്മ ഒട്ടും വൈകിയില്ല. തൊട്ടുമുമ്പത്തെ സര്‍ക്കാര്‍ പാസാക്കിയ അപൂര്‍ണമായ ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ഗൗരിയമ്മയായിരുന്നു. ഭൂപരിഷ്‌കരണ ഭേദഗതി ബില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെ ഇഎംഎസ് സര്‍ക്കാര്‍ നിലംപതിച്ചു. സി അച്യുതമേനോന്റെ ബദല്‍ മന്ത്രിസഭയാണ് 1970 ജനുവരി ഒന്നിന് ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിലാക്കിയത്. ജന്മിത്വം അവസാനിച്ചു. കുടികിടപ്പുകാരെ ഭൂമിയുടെ അവകാശികളാക്കിയ നിയമം പ്രാബല്യത്തിലാകുമ്പോള്‍ ഗൗരിയമ്മയും ഇഎംഎസും പ്രതിപക്ഷ ബെഞ്ചിലായിരുന്നു.
സിപിഎമ്മില്‍നിന്ന് പുറത്തേക്ക്
സിപിഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങളും നേതൃത്വവുമായുള്ള പിണക്കവും മൂലം 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മില്‍നിന്ന് പുറത്തായി. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. 87ല്‍ കേരളം കെ ആര്‍ ഗൗരി ഭരിക്കുമെന്ന പ്രചരണം സജീവമായിരുന്നെങ്കിലും അവരെ തഴഞ്ഞ് മല്‍സരിക്കുക പോലും ചെയ്യാതിരുന്ന ഇ കെ നായനാര്‍ മുഖ്യമന്ത്രി കസേരയിലെത്തി.
എന്നിട്ടും പരിഭവമേതുമില്ലാതെ ആ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി അവര്‍ ജനസേവനം നടത്തി. എന്നിട്ടും 94ല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരും പറഞ്ഞ് അവര്‍ പുറത്താക്കപ്പെട്ടു. അവിടെ നിന്നാണ് ജെഎസ്എസ് എന്ന പാര്‍ട്ടിയുടെ പിറവിയും. ഒരുവനിതയുടെ നേതൃത്വത്തില്‍ ഒരു പാര്‍ട്ടി തന്നെ രൂപംകൊണ്ട്. അതിന് എംഎല്‍എമാരും മന്ത്രിയുമുണ്ടായി. പിന്നീട് പാര്‍ട്ടി പലതായി ചിതറിയെങ്കിലും അവരുടെയെല്ലാം നേതാവ് ഗൗരിയമ്മയായിരുന്നു.
യുഡിഎഫിലായിരുന്ന അവര്‍ 2016ല്‍ യുഡിഎഫുമായി ഇടഞ്ഞ് മുന്നണി വിട്ടു. അവസാന കാലത്ത് സിപിഎമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. സിപിഎമ്മിന്റെ വനിതാ മതിലില്‍ അടക്കം ഗൗരിയമ്മ പങ്കെടുത്തു. പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിക്കണമെന്ന തരത്തില്‍ സിപിഎമ്മില്‍ ചര്‍ച്ചകളുമുണ്ടായി.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMT