Big stories

കെ എസ് ഷാന്‍: ധീര രക്തസാക്ഷിത്വത്തിന് നോവിന്റെ ഒരാണ്ട്

കെ എസ് ഷാന്‍: ധീര രക്തസാക്ഷിത്വത്തിന് നോവിന്റെ ഒരാണ്ട്
X

ആലപ്പുഴ: രാത്രിയുടെ മറവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അരുംകൊല ചെയ്ത എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ ധീര രക്തസാക്ഷിത്വത്തിന് ഇന്ന് ഒരുവര്‍ഷം തികയുന്നു. യാതൊരു പ്രകോപനവുമില്ലാതെ ആര്‍എസ്എസ്സുകാര്‍ വെട്ടിനുറുക്കിയ ഷാന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് നാട്ടുകാരും വീട്ടുകാരും ഇതുവരെ മുക്തരായിട്ടില്ല. പൈശാചിക കൃത്യം നടന്ന് ഒരുവര്‍ഷം തികയുമ്പോഴും കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ നേതാക്കന്‍മാര്‍ യഥേഷ്ടം നാട്ടില്‍ വിലസുകയാണ്. ഷാന്റെ കൊലപാതകത്തില്‍ 21 പ്രതികളുണ്ടെന്നാണ് പോലിസിന്റെ കുറ്റപത്രം. ഇതില്‍ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ 11 പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രമാണ് പോലിസ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്- 2 കോടതിയില്‍ സമര്‍പ്പിച്ചത്.

483 പേജുകളുള്ള ഈ കുറ്റപത്രത്തില്‍ മുന്നൂറിലധികം രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ 143 സാക്ഷികളാണുള്ളത്. 2021 ഡിസംബര്‍ 18ന് രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ ഇടിച്ചിട്ടശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

ഷാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്സിന്റെ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയം ബലപ്പെട്ടിട്ടും പോലിസ് അന്വേഷണം ആ രീതിയിലേക്ക് നീങ്ങിയില്ല. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയും കൊലയാളികളെ സഹായിച്ചവരെയും പിടികൂടിയെന്നാണ് പോലിസ് അവകാശപ്പെടുന്നത്. പിടിയിലായവരെല്ലാം ആര്‍എസ്എസ്സിന്റെ സജീവപ്രവര്‍ത്തകരും ഭാരവാഹികളുമാണ്.

എന്നാല്‍, ഷാന്റെ കൊലയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ എസ് ഡിപിഐയ്‌ക്കെതിരേ കൊലവിളി പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലിസ് ചെറുവിരലനക്കിയില്ല. എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം വാര്‍ത്താസമ്മേളനം നടത്തി വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആര്‍എസ്എസ്സിന്റെ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതികളാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിക്കുകയാണ് ചെയ്തത്. 'കേരളം ഭീകരതയ്ക്ക് മുന്നില്‍ കീഴടങ്ങില്ല' എന്ന സന്ദേശവുമായി ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സമിതി ഡിസംബര്‍ 18ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കവെയാണ് വല്‍സന്‍ തില്ലങ്കേരി കലാപം അഴിച്ചുവിടുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്.

'എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. ഞങ്ങളുടെ മൗനം ഭീരുത്വമാണെന്ന് കരുതിയെങ്കില്‍ അത് തെറ്റാണെന്ന് നിങ്ങള്‍ക്ക് ബോധ്യം വരും..' എന്നാണ് തില്ലങ്കേരി പ്രസംഗിച്ചത്. 'സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇനിയും വെല്ലുവിളിച്ചാല്‍ ഇത്തരം പൊതുയോഗം നടത്തുന്നവരെയും പ്രസംഗിക്കുന്നവരെയും എന്ത് ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ട് അധികം പോവണ്ട. ഇതുവരെയുള്ള അവഗണന ഇനിയും പ്രതീക്ഷിക്കേണ്ട. ഇനി നല്ല പരിഗണന നല്‍കും. നിങ്ങളെ നന്നായി ബഹുമാനിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ചിലപ്പോള്‍ ആളുകള്‍ സ്‌റ്റേജില്‍ വന്ന് ഹാരാര്‍പ്പണം നടത്തിയെന്നൊക്കെ വരും. അതൊക്കെ പ്രതീക്ഷിച്ച് മാത്രം തോന്ന്യാസവും വെല്ലുവിളിയും നടത്തിയാല്‍ മതിയെന്നാണ് പറയാനുള്ളത് തില്ലങ്കേരി പറയുന്നു.

ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. ഞങ്ങള്‍ക്ക് നേരേ വന്നാല്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് ഇന്നലെ ചെയ്തിട്ടുണ്ട്. നാളെയും ചെയ്യും. സ്വയരക്ഷയ്ക്ക് വേണ്ടി ഹിന്ദു പഴയപോലെ ഓടില്ല. നേരേ വന്നാല്‍ എന്തുചെയ്യണമെന്ന് അറിയാം. ഒന്നോ രണ്ടോ ഹിന്ദുത്വ പ്രവര്‍ത്തകരെ ക്വട്ടേഷന്‍ ടീമായി വന്ന് കൊത്തിയരിഞ്ഞ് ഭയപ്പെടുത്തി കേരളത്തെ കീഴ്‌പ്പെടുത്തിക്കളയാമെന്ന് ധരിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ വകവച്ചുകൊടുക്കില്ല. ഹിന്ദു സമൂഹം ഒന്നും മറന്നിട്ടില്ല. അങ്ങനെ ഒരിക്കലും മറക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല നിങ്ങള്‍ ചെയ്തിരിക്കുന്നത്.

കുത്തിക്കുത്തി നോവിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ഹിന്ദു സമൂഹം പ്രചണ്ഡശക്തിയായി മുന്നോട്ടുവരും എന്നിങ്ങനെയാണ് തില്ലങ്കേരിയുടെ പ്രസംഗത്തിലെ കലാപ ആഹ്വാനങ്ങള്‍. ഷാനെ വധിച്ച കേസിലെ മുഖ്യപ്രതിയും ആസൂത്രകരില്‍ ഒരാളുമായ മണ്ണഞ്ചേരി സ്വദേശി പ്രസാദിന്റെ വീട് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല സന്ദര്‍ശിച്ചത് കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന ശരിവയ്ക്കുന്നതാണ്. കൊലപാതകം നടത്താന്‍ ആര്‍എസ്എസ് പദ്ധതിയിട്ടുവെന്നതിന്റെ സൂചന നല്‍കുന്ന തരത്തിലായിരുന്നു ഹിന്ദു ഹെല്‍പ്പ് ലൈന്‍ മുന്‍ നേതാവും കടുത്ത വര്‍ഗീയ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍.

'പോപുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ വയലാറിലെ നന്ദുവിന്റെ വീട് സന്ദര്‍ശിച്ചു.''നന്ദുവിന് നീതി കിട്ടണം ....ആ ദിവസത്തിനായി പ്രാര്‍ത്ഥിക്കാം... ഡിസംബര്‍ 12ന് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണിത്. കെ എസ് ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിലിട്ട പോസ്റ്റും പിന്നീട് അത് എഡിറ്റ് ചെയ്തതും ദുരൂഹത ഉയര്‍ത്തുന്നതാണ്. 'എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ അജ്ഞാതര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി വാര്‍ത്ത' എന്നായിരുന്നു പ്രതീഷിന്റെ ആദ്യപോസ്റ്റ്. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് എഡിറ്റ് ചെയ്തു. നേരത്തെയുള്ള പോസ്റ്റിനൊപ്പം എസ്ഡിപിഐയിലെ പടലപ്പിണക്കമാണ് കാരണമെന്ന് സംശയിക്കുന്നു എന്ന് കൂടി ചേര്‍ത്തിട്ടുള്ളതായിരുന്നു പുതിയ പോസ്റ്റ്.

സംഘപരിവാര്‍ നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനം നടത്തിയിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് തയ്യാറാവാത്തതിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പോലിസിന്റെ കുറ്റപത്രത്തില്‍ പറയുന്നവരില്‍ പത്തോളം പേര്‍ ഇനിയും പിടിയിലാവാനുണ്ട്. മറ്റൊരു കൊലക്കേസിലെ പ്രതി ഉള്‍പ്പടെയുള്ള ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആര്‍എസ്എസ് ആലപ്പുഴ സംഘ് ജില്ലാ പ്രചാരകനുമായ കൊല്ലം ക്ലാപ്പന വില്ലേജില്‍ വൈഷ്ണവം വീട്ടില്‍ ശ്രീനാഥ്(35), ആര്‍എസ്എസ് ഇരിങ്ങാലക്കുട സംഘ് ജില്ലാ പ്രചാരക ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്തിലെ കോക്കോതമംഗലം സ്വദേശി കല്ലേലില്‍ വീട്ടില്‍ മുരുകേഷ്(40) എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്.

ശ്രീനാഥിന്റെ നേതൃത്വത്തിലാണ് ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെ എസ് ഷാനെ കൊലക്കേസിലെ ഒന്നാം പ്രതി പ്രസാദ് (അണ്ടി പ്രസാദ്) തോണ്ടംകുളങ്ങരയിലുള്ള ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിലെ ശ്രീനാഥിന്റെ മുറിയില്‍ സംഘടിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രസാദിന്റെ റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

കൂടാതെ ഷാന്‍ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനകളിലെല്ലാം ശ്രീനാഥ് പങ്കെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളിയിലുള്ള ഡിവൈഎഫ്‌ഐ നേതാവായ അജയ് പ്രസാദിനെ കൊലപ്പെടുത്തിയ കേസിലും ശ്രീനാഥ് പ്രതിയായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നത് ആര്‍എസ്എസ് നേതൃത്വമാണെന്ന് പോലിസിന് കൃത്യമായറിയാം. എന്നിട്ടും കാര്യാലയം റെയ്ഡ് ചെയ്യാനോ നേതൃത്വത്തെ ചോദ്യം ചെയ്യാനോ പോലിസിന് താല്‍പ്പര്യമില്ലാത്തതാണ് ആര്‍എസ്എസ്സിന് സഹായകരമാവുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാന്‍ സമൂഹിക പ്രവര്‍ത്തനരംഗത്തേക്കുവരുന്നത്.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി, എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ടേമിലും സംസ്ഥാന സെക്രട്ടറിയായിരുന്നു. അമ്പനാംകുളങ്ങര മഹല്ല് കമ്മിറ്റി അക്കൗണ്ടന്റ് ഓര്‍ഗനൈസറായും സേവനം അനുഷ്ടിച്ചിട്ടുള്ള ഷാന്‍ ആലപ്പുഴ നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുമുണ്ട്. താന്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കുള്ളിലും നാട്ടിലും എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു കെ എസ് ഷാന്‍ എന്നറിയാന്‍ പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്കുകാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്ന് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം തന്നെ സാക്ഷി.

Next Story

RELATED STORIES

Share it