Sub Lead

ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍

വേണമെങ്കില്‍ ചാന്‍സലര്‍ പദവി വേണ്ടെന്ന് വയ്ക്കാന്‍ നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍
X

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി പോരിനൊരുങ്ങിയ ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചാന്‍സലര്‍ പദവി ഭരണഘടനാ പദവിയല്ല. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സറായി ഗവര്‍ണറെ അവരോധിച്ചത്. വേണമെങ്കില്‍ ആ ചാന്‍സലര്‍ പദവി വേണ്ടെന്ന് വയ്ക്കാന്‍ നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വിവിധ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രതിഷേധത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരേ നടത്തുന്ന നീക്കങ്ങള്‍ എല്‍ഡിഎഫ് രാഷ്ട്രീയമായി തന്നെ നേരിടും എന്ന് വ്യക്തമാക്കിയുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവന.

ഗവര്‍ണര്‍ പദവി തന്നെ അനാവശ്യമായ ആര്‍ഭാടമാണെന്ന് വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് ഞാന്‍. അവരുടെ ചെയ്തികള്‍ അങ്ങനെ തന്നെയായിരിക്കും എന്ന് സിപിഐ മുന്‍കൂട്ടി കാണുന്നുണ്ട്. കാര്‍ഷിക നിയമവും പൗരത്വനിയമവും പറഞ്ഞ് ഗവര്‍ണര്‍ ഇപ്പോള്‍ എവിടെയെത്തിയെന്ന് കാണുക. മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ശ്രമമാണ് ഗവര്‍ണറുടേതെന്ന് വിമര്‍ശിച്ച കാനം ആശയ വിനിമയം നടത്തുമ്പോള്‍ രഹസ്യം സൂക്ഷിക്കുക എന്നതാണ് മാന്യതയെന്നും ചൂണ്ടിക്കാട്ടി. ആ മാന്യത ലംഘിച്ചത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് പരസ്യമായി പല കാര്യങ്ങളും പറയേണ്ടി വന്നതെന്നും കാനം പറഞ്ഞു. ഇതിന് മുമ്പ് വിവാദമുണ്ടാക്കിയ ഒരു വിഷയത്തിലും ഗവര്‍ണര്‍ക്ക് മേല്‍ക്കൈ നേടാനായില്ലെന്നതുപോകട്ടെ ജനകീയ അഭിപ്രായം അനുകൂലമാക്കുന്നതിനു പോലും സാധിച്ചില്ല. ഇത്രയുമേ ആ പദവിക്ക് അധികാരങ്ങളുള്ളൂ എന്ന് മനസിലാക്കാത്തത് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുടെ കുഴപ്പമാണ്. പദവിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ പിശകല്ല. മന്ത്രിസഭയും ഗവര്‍ണറുമായി വിയോജിപ്പുകള്‍ സ്വാഭാവികമാണ്. പക്ഷേ അത് അനാവശ്യ വിവാദത്തിലേയ്ക്ക് നയിക്കുന്നത് ആശാസ്യമാണോയെന്ന പരിശോധന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് ഗവര്‍ണറെ വിമര്‍ശിച്ചുള്ള എഡിറ്റോറിയല്‍ ജനയുഗം ഇന്ന് കൊടുത്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ ഗവര്‍ണര്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു.

ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമാണെന്നും ഗവര്‍ണ്ണര്‍ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ കോടിയേരി ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. എട്ടാം തിയ്യതിയാണ് ചാന്‍സിലര്‍ പദവി ഉപേക്ഷിക്കുകയാണെന്നു കാണിച്ച് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാന്‍സിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Next Story

RELATED STORIES

Share it