Sub Lead

കനയ്യ കുമാറും ജിഗ്‌നേഷ് മെവാനിയും നാളെ കോണ്‍ഗ്രസില്‍ ചേരും; ചടങ്ങ് എഐസിസി ആസ്ഥാനത്ത്

വൈകീട്ട് മൂന്നിന് ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാര്‍ട്ടി വ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

കനയ്യ കുമാറും ജിഗ്‌നേഷ് മെവാനിയും നാളെ കോണ്‍ഗ്രസില്‍ ചേരും; ചടങ്ങ് എഐസിസി ആസ്ഥാനത്ത്
X

ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും സിപിഐ കേന്ദ്ര നിര്‍വാഹക സമിതിയംഗവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും നാളെ കോണ്‍ഗ്രസില്‍ ചേരും. വൈകീട്ട് മൂന്നിന് ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാര്‍ട്ടി വ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭഗത് സിങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28ന് കോണ്‍ഗ്രസ് പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ദലിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തരായ യുവ നേതാക്കളില്ലാത്ത പാര്‍ട്ടിയില്‍ കനയ്യകുമാറിന്റെ വരവ് ബീഹാറില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തില്‍ ഗുണമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

ജെഎന്‍യുവിലെ വിപ്ലവാകാരിയെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയില്‍ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്‍കി. എന്നാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് മുന്നില്‍ കനയ്യയെത്തിയത് പ്രശ്‌നങ്ങളില്‍ നിരന്തരം കലഹിക്കുന്നയാളായാണ്.

തെരഞ്ഞെടുപ്പിലെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്‌ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാര്‍ട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ പിന്നീടുണ്ടായി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയേ തീരൂവെന്ന കനയ്യയുടെ വാശി പാര്‍ട്ടി പ്രവര്‍ത്തകന് യോജിക്കാത്ത നിലയിലുള്ളതായാണ് സിപിഐ കണ്ടത്.

പാര്‍ട്ടിയിലെ തന്റെ സ്ഥാനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കനയ്യ കുമാര്‍ ഒന്നിലധികം തവണ സംസാരിച്ചിരുന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടിയില്‍ അതൃപ്തനായിരുന്നു. ഇതാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്.

നേരത്തെ പഞ്ചാബിലെ നേതൃമാറ്റത്തില്‍ അടക്കം കോണ്‍ഗ്രസിനെ പ്രശംസിച്ചുകൊണ്ട് ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. മേവാനി മത്സരിച്ച വഡ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

Next Story

RELATED STORIES

Share it