Sub Lead

മം​ഗളൂരു വെടിവയ്‌പ്പ്: പോലിസിന്റെ അമിത താൽപര്യം വ്യക്തമാണെന്ന് കർണാടക ഹൈക്കോടതി

അറസ്റ്റിലായവർക്കെതിരേ വ്യാജ തെളിവുകൾ ചമയ്ക്കാൻ മനപൂർവം ശ്രമിച്ചതിന്‌ രേഖകളുണ്ടെന്ന്‌ കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ ജോൺ മൈക്കൽ കുൻഹ ചൂണ്ടിക്കാട്ടി.

മം​ഗളൂരു വെടിവയ്‌പ്പ്: പോലിസിന്റെ അമിത താൽപര്യം വ്യക്തമാണെന്ന് കർണാടക ഹൈക്കോടതി
X

ബംഗളൂരു: പോലിസ്‌ അതിക്രമം മറച്ചുവയ്‌ക്കാൻ നിരപരാധികളെ കേസിൽ കുടുക്കുകയാണോയെന്ന്‌ കർണാടക ഹൈക്കോടതി. മംഗളൂരുവിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ അറസ്‌റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്‌ കോടതി കർണാടക പോലിസിനെ രൂക്ഷമായി വിമർശിച്ചത്‌. കലാപം അഴിച്ചുവിട്ടുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും ആരോപിച്ച് അറസ്റ്റ് ചെയ്ത 21 പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ 19നാണ് മംഗളൂരുവിൽ പ്രക്ഷോഭകർക്ക്‌ നേരെ പോലിസ് വെടിവച്ചത്. രണ്ടുപേർ കൊല്ലപ്പെട്ടു.

അറസ്റ്റിലായവർക്കെതിരേ വ്യാജ തെളിവുകൾ ചമയ്ക്കാൻ മനപൂർവം ശ്രമിച്ചതിന്‌ രേഖകളുണ്ടെന്ന്‌ കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ ജോൺ മൈക്കൽ കുൻഹ ചൂണ്ടിക്കാട്ടി. അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയ കുറ്റങ്ങൾ സാധൂകരിക്കുന്നതിന്‌ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. വെടിവയ്‌പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതടക്കമുള്ള കുറ്റങ്ങൾ അറസ്റ്റിലായ 21 പേർക്കുമെതിരേ ചുമത്തിയതിൽ പോലിസിന്റെ അമിത താൽപര്യം വ്യക്തമാണ്‌. തെളിവായി പോലിസ് നൽകിയ ഫോട്ടോകളിലും സിസിടിവി ദൃശ്യങ്ങളിലും തോക്കുമായി ആരും നിൽക്കുന്നത് കണ്ടില്ല.

അറസ്റ്റിലായവർക്ക് വേണ്ടി അഭിഭാഷകർ സമർപ്പിച്ച ഫോട്ടോകളിൽ, പോലിസ് ആൾക്കൂട്ടത്തിന് നേരെ കല്ലെറിയുന്നത് കാണാമെന്നും കോടതി പറഞ്ഞു. പ്രതിഷേധക്കാർക്കെതിരേ 31 കേസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. പോലിസ്‌ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതികളിൽ ഒരു കേസ്‌ പോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും കോടതി വിമർശിച്ചു. പ്രക്ഷോഭ സമയത്ത്‌ മംഗളൂരുവിൽ ഉണ്ടായിരുന്ന മലയാളികൾക്കെല്ലാം ചോദ്യം ചെയ്യലിന്‌ ഹാജരാകാനാവശ്യപ്പെട്ട്‌ പോലിസ്‌ നോട്ടീസയച്ചിരുന്നു.

Next Story

RELATED STORIES

Share it