Sub Lead

കര്‍ണാടകയിലെ ഹിജാബ് വിലക്ക്; കോളജ് പരിസരത്ത് പ്രതിഷേധിച്ച 20 ഓളം വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

കര്‍ണാടകയിലെ ഹിജാബ് വിലക്ക്; കോളജ് പരിസരത്ത് പ്രതിഷേധിച്ച 20 ഓളം വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്
X

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാടുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടിയുമായി പോലിസും കോളജ് അധികാരികളും. കര്‍ണാടകയിലെ തുമകൂരുവിലാണ് ഹിജാബ് വിലക്കിയ മാനേജ്‌മെന്റിന്റെ നടപടിക്കെതിരേ കോളജ് പരിസരത്ത് പ്രതിഷേധിച്ച 20 ഓളം വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ 15 മുതല്‍ 20 വരെ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് സെക്ഷന്‍ 143,145,188,149 ഐപിസി പ്രകാരം കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കേസെടുത്തത്. തുമകുരു എംപ്രസ് കോളജ് പ്രിന്‍സിപ്പല്‍ തുമകുരു സിറ്റി പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഹിജാബ് ധരിക്കാനും ക്ലാസില്‍ പങ്കെടുക്കാനുമുള്ള അവകാശമാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ കോളജ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.

കര്‍ണാടകയില്‍ ഹിജാബിനായി സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരായ ആദ്യ ശിക്ഷാ നടപടിയാണിത്. യൂനിഫോം നിര്‍ദേശിക്കുന്ന സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ ഹിജാബ്, കാവി ഷാളുകള്‍ അല്ലെങ്കില്‍ മതപരമായ വസ്ത്രങ്ങള്‍ എന്നിവ നിരോധിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള പരാതി. അതേസമയം, ഹിജാബ് വിലക്കിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയതോടെ മൈസൂരു നഗരത്തിലെ ചരിത്രപരമായ ഒരു സ്വകാര്യ കോളജ് യൂനിഫോം നിയമം റദ്ദാക്കി. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഹിജാബ് ധരിക്കാതെ ക്ലാസില്‍ കയറാന്‍ നാല് വിദ്യാര്‍ഥികള്‍ വിസമ്മതിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് യൂനിഫോം നിയമം റദ്ദാക്കിയതെന്ന് പ്രീ യൂനിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡിപിയു) ഡി കെ ശ്രീനിവാസ മൂര്‍ത്തിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഞാന്‍ ഇന്ന് കോളജ് സന്ദര്‍ശിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തി.

അതിനിടെ, യൂനിഫോം നിയമം റദ്ദാക്കിയതായും വിദ്യാര്‍ഥികളെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചതായും കോളജ് അറിയിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഇനി മൃദുസമീപനമുണ്ടാവില്ലെന്നും ഇടക്കാല ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

വിജയപുര ജില്ലയിലെ ഇന്‍ഡി കോളജിലെ പ്രിന്‍സിപ്പല്‍ ഹിന്ദു വിദ്യാര്‍ഥിയെ 'സിന്ദൂരം' ധരിച്ചതിന് തടഞ്ഞു. മതചിഹ്‌നങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ വിദ്യാര്‍ഥിനിയെ ഗേറ്റില്‍ നിര്‍ത്തി സിന്ദൂരം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി. അടിസ്ഥാന പാരമ്പര്യം ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചു. പിന്നീട് പോലിസ് ഇടപെട്ട് വിദ്യാര്‍ഥിയെ ക്ലാസ് മുറിയിലേക്ക് കടത്തിവിട്ടു. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശ്രീരാമസേനാ സ്ഥാപകന്‍ പ്രമോദ് മുത്തലിക് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it