Big stories

അതിര്‍ത്തി തുറന്ന് കര്‍ണാടക; ഗുരുതര രോഗികളെ കടത്തിവിടും, പരിശോധനയ്ക്ക് ഡോക്ടര്‍

കാസര്‍ഗോഡ് - മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കര്‍ണാടക ഡോക്ടറെ നിയമിച്ചു.

അതിര്‍ത്തി തുറന്ന് കര്‍ണാടക; ഗുരുതര രോഗികളെ കടത്തിവിടും, പരിശോധനയ്ക്ക് ഡോക്ടര്‍
X

കാസര്‍കോട്: അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കാസര്‍കോട് അതിര്‍ത്തിയിലെ ദേശീയപാത കര്‍ണാടക തുറന്നു. തലപ്പാടിയിലെ അതിര്‍ത്തിയാണ് തുറന്നത്. കാസര്‍ഗോഡ് - മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കര്‍ണാടക ഡോക്ടറെ നിയമിച്ചു. വെന്‍ലോക്ക് ആശുപത്രിയിലെ ഡോക്ടറെയാണ് ചെക്ക്പോസ്റ്റില്‍ നിയമിച്ചത്. ഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയാലാണ് കര്‍ണാടകയിലേക്ക് പ്രവേശനം അനുവദിക്കുക.

രോഗിക്കൊപ്പം ഒരു ബന്ധുവിനും ആശുപത്രിയിലേക്ക് പോകാം. ദേശീയപാത തുറക്കുന്നതിനോട് അനുബന്ധിച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ പോലിസിനെ കര്‍ണാടക വിന്യസിച്ചു. ബാരിക്കേഡുകളുടെ എണ്ണം കുറക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് അടച്ച കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കാസര്‍കോട്- മംഗളൂരു ദേശീയ പാത തുറക്കണമെന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് മംഗളൂരുവിലേക്ക് യാത്ര അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.കര്‍ണാടക സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉത്തരവ് പാസാക്കുന്നില്ലെന്നും റോഡ് തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയാണെന്നുമാണ് കോടതി പറഞ്ഞത്.ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തടസപ്പെട്ട റോഡുകള്‍ തുറക്കാന്‍ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സര്‍ക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം. എതിര്‍ കക്ഷികള്‍ മൂന്ന് ആഴ്ച്ച ക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണം. ഹര്‍ജിയില്‍ മറ്റ് ആവശ്യങ്ങള്‍ ഉണ്ട്. പക്ഷേ അത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ച ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it