Sub Lead

മാവോവാദി ബന്ധമാരോപിച്ച് കേരള പോലിസ് വേട്ടയാടുന്നു; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ദമ്പതികൾ

മുളവുകാട് പോലിസ് സ്റ്റേഷനിലെ എസ്ഐയും രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥരും ചേർന്നാണ് തൊഴിലും കിടപ്പാടവും നഷ്ടമാക്കിയതെന്ന് ഇവർ ആരോപിക്കുന്നു.

മാവോവാദി ബന്ധമാരോപിച്ച് കേരള പോലിസ് വേട്ടയാടുന്നു; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ദമ്പതികൾ
X

കൊച്ചി: മാവോവാദി ബന്ധമാരോപിച്ച് കേരള പോലിസിന്റെ നിരന്തര പീഡനത്തിനെതിരേ ദമ്പതികൾ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. തിരുവനന്തപുരം സ്വദേശി ഹരിയേയും പുന്നപ്ര സ്വദേശിനി ഭാര്യ സഫീറയേയുമാണ് പോലിസ് വേട്ടയാടുന്നതായി പരാതി. പോലിസിന്റെ നിരന്തരമായ വേട്ടയാടലിനെ തുടർന്ന് ജോലിയും വാടക വീടും ഇല്ലാതായ സാഹചര്യമാണെന്ന് അവർ പറയുന്നു.

എറണാകുളം മുളവുകാട് പൊന്നാരി മംഗലത്തിന് അടുത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് ഇരുവരും. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് ഹരി. സഫീറ അവർ താമസിക്കുന്ന വീടിനടുത്തുള്ള സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു.

എന്നാൽ ഇവർ താമസിക്കുന്ന വാടക വീടിന്റെ ഉടമസ്ഥനെ പോലിസ് നിരന്തരം ഭീഷണിപ്പെടുത്തിയതിന്റെ ഭാ​ഗമായി വീടൊഴിയണമെന്ന് നിർദേശിച്ചിരിക്കുകയാണ്. സഫീറയ്ക്കാകട്ടെ അവരുടെ തൊഴിലും നഷ്ടപ്പെട്ട അവസ്ഥയാണ്. മുളവുകാട് പോലിസ് സ്റ്റേഷനിലെ എസ്ഐയും രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥരും ചേർന്നാണ് തൊഴിലും കിടപ്പാടവും നഷ്ടമാക്കിയതെന്ന് ഇവർ ആരോപിക്കുന്നു.

നേരത്തേ വയനാട്ടിലും സമാനമായ സംഭവം ആവർത്തിച്ചിരുന്നു. വയനാട് പയ്യമ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആദിവാസി അവകാശ പ്രവർത്തക ​ഗൗരിയേയും അവരുടെ ഭർത്താവും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവർത്തകൻ അഷ്റഫിനേയും വാടകവീട്ടിൽ നിന്ന് ഇറക്കിവിടാൻ ഉടമയോട് സമ്മർദ്ദം ചെലുത്തുകയും വീടിന് മുന്നിൽ സിസിടിവി കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഈ സംഭവവും പോലിസിനെതിരേ ഏറെ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നുവെങ്കിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ഭരണ നേതൃത്വത്തിൽ നിന്നോ ഉന്നത ഉദ്യോ​ഗസ്ഥരിൽ നിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രഹസ്യ പോലിസ് പീഡനങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി വർധിക്കുന്നതായുള്ള റിപോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it