News

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് തമിഴ്‌നാടിനോട് കേരളം

തമിഴ്‌നാടിന്റെ ഭാഗമായ പെരിയാര്‍ ഡാമിന്റെ സര്‍പ്‌ളസ് ഷട്ടറുകള്‍ 1,22,000 ക്യൂസെക്‌സ് ജലം പുറന്തള്ളാന്‍ പര്യാപ്തമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാണ്. 23000 ക്യുസക്‌സ് ജലം പുറന്തള്ളിയപ്പോള്‍ 2018ല്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ അനുഭവമുണ്ട്.

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് തമിഴ്‌നാടിനോട് കേരളം
X

തിരുവനന്തപുരം: ജലനിരപ്പ് വളരെ വേഗത്തില്‍ ഉയരുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പുറത്തേക്ക് ഒഴുക്കിവിടണമെന്നും കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഖന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഷട്ടറുകള്‍ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂര്‍ മുമ്പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും കത്തില്‍ പറയുന്നു.

ഇടുക്കി ജില്ലയില്‍ ഉള്‍പ്പടെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജല നിരപ്പ് വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയ്യതി ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയര്‍ന്നു.

വരുന്ന രണ്ടു ദിവസങ്ങള്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവില്‍ റിസര്‍വോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്‌സും, ടണല്‍ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്‌സും ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മി.മീഉം 157.2 മി.മീഉം മഴയാണ്. ഈ സമയത്തിനുള്ളില്‍ ജലനിരപ്പ് ഏഴ് അടിയാണ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാധ്യത.

കട്ടപ്പന എം.ഐ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ നല്‍കിയ വിവരം പ്രകാരം തമിഴ്‌നാടിന്റെ ഭാഗമായ പെരിയാര്‍ ഡാമിന്റെ സര്‍പ്‌ളസ് ഷട്ടറുകള്‍ 1,22,000 ക്യൂസെക്‌സ് ജലം പുറന്തള്ളാന്‍ പര്യാപ്തമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാണ്. 23000 ക്യുസക്‌സ് ജലം പുറന്തള്ളിയപ്പോള്‍ 2018ല്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ അനുഭവമുണ്ട്. അതിനാല്‍ ജലം പടിപടിയായി പുറത്തു വിടാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it