Sub Lead

എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷന്‍ കിട്ടില്ല: ബി ഗോപാലകൃഷ്ണന്‍

പിണറായി വിജയന്‍ നടപ്പാക്കും. മറിച്ചാണെങ്കില്‍ ബിജെപി സര്‍ക്കാര്‍ പിണറായിയെക്കൊണ്ട് അത് നടപ്പാക്കിക്കും. ഇല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ല

എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷന്‍ കിട്ടില്ല: ബി ഗോപാലകൃഷ്ണന്‍
X

കോട്ടയം: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നും കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മതഭീകരവാദികളെ കയറൂരിവിട്ട് ബിജെപിയെയും ഹിന്ദു സമൂഹത്തെയും ഭീഷണിപ്പെടുത്താമെന്ന് ലീഗ് നേതാക്കൾ വിചാരിക്കേണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ദുബായില്‍ കച്ചവടം നടത്തുന്ന ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍, അവര്‍ക്ക് പാകിസ്താനില്‍ പോകേണ്ടി വരും. എന്‍പിആര്‍ പിണറായി വിജയന്‍ നടപ്പാക്കും. മറിച്ചാണെങ്കില്‍ ബിജെപി സര്‍ക്കാര്‍ പിണറായിയെക്കൊണ്ട് അത് നടപ്പാക്കിക്കും. ഇല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഡീറ്റെന്‍ഷന്‍ സെന്ററിലാക്കണം. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയെും സവിധായകന്‍ കമലിനെയും ഗോപാലകൃഷ്ണന്‍ അധിക്ഷേപിക്കുകയും ചെയ്തു.

പൗരത്വഭേദഗതി നിയമത്തിനെതിരേ സിനിമാക്കാര്‍ക്ക് നേതൃത്വം നല്‍കിയത് കമല്‍ എന്ന വര്‍ഗീയ വാദിയാണ്. മോദി കൊടുക്കുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍മ്മ വേണമെന്നും സിനിമാക്കാരുടെ സമരത്തില്‍ മാന്യന്‍മാരാരും പങ്കെടുത്തില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ പിണറായി വിജയന്‍ ഗൂഢാലോചന നടത്തി. വാഹനം നിര്‍ത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it