Sub Lead

കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസ്; മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികില്‍സ കേസ് ഷീറ്റടക്കം പരിശോധിക്കും

കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസ്; മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
X

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യറോ ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നു മാറ്റി. നേരത്തേ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ ഷീന്‍ തറയിലിന് പകരം അന്വേഷണ സംഘത്തിലെ എസ്പി എ ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് നടപടിയെന്നതു ശ്രദ്ധേയമാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡിവൈഎസ് പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നു ചുമതല എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനു കൈമാറുന്നത്. രണ്ട് ദിവസം മുമ്പാണ് ചുമതല മാറ്റം സംബന്ധിച്ചുള്ള നിര്‍ദേശം പോലിസ് തലപ്പത്ത് നിന്നിയറങ്ങിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേകാന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി ഷീന്‍ തറയില്‍ തുടരും. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികില്‍സയില്‍ കേസ് ഷീറ്റടക്കമുളള രേഖകള്‍ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടു. അപകടശേഷം പ്രാഥമിക ചികില്‍സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസ്സാര പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘം മെഡിക്കല്‍ കോളജില്‍ നിന്നു വിശദമായ രേഖകളടക്കമുള്ള വിശദാംശങ്ങള്‍ തേടുന്നത്. മെഡിക്കല്‍ കോളജിലെ ട്രോമാ കെയറിലടക്കം ശ്രീറാമിനു നല്‍കിയ മുഴുവന്‍ ചികില്‍സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികില്‍സകളും എക്‌സ് റേ, സ്‌കാന്‍ റിപോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്രാന്വേഷണ റിപോര്‍ട്ട് തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടുവന്നെങ്കിലും വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്നു കാണിച്ച് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലില്‍ പ്രവേശിപ്പിക്കാതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്രോമാ കെയര്‍ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്. ഇതെല്ലാം ചോദ്യം ചെയ്താണ് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശ്രീറാം വെങ്കിട്ടരാമന് നിസാര പരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നു മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് പ്രത്യേകാന്വേഷണ സംഘം മെഡിക്കല്‍ കോളജില്‍ നല്‍കിയ ചികില്‍സാ രേഖകള്‍ വിശദമായി പരിശോധിക്കുന്നത്.



Next Story

RELATED STORIES

Share it