Sub Lead

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരേ സുപ്രിംകോടതിയെ സമീപിക്കും: കെയുഡബ്ല്യുജെ

പത്രപ്രവര്‍ത്തനവും പത്രപ്രവര്‍ത്തകരും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ജനാധിപത്യം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയണം

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരേ സുപ്രിംകോടതിയെ സമീപിക്കും: കെയുഡബ്ല്യുജെ
X

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് പോലിസ് തുറങ്കിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) ഡല്‍ഹി യൂണിറ്റ് പ്രസ്താവനയില്‍ അറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) ഡല്‍ഹി യൂണിറ്റിന്റെ മുന്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനുമായ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി നടപടി നിരാശയുളവാക്കുന്നതാണ്.

കാപ്പന്‍ ഞങ്ങളുടെ സഹോദരങ്ങളില്‍ ഒരാളാണ്. 2020 ഒക്ടോബര്‍ 5 മുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയാണ്. ഹത്രാസില്‍ ഒരു ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയാണ് അദ്ദേഹം അറസ്റ്റിലായത്. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിനെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യാന്‍ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്.

ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് കീഴില്‍ ഓരോ പൗരനും പ്രത്യേകിച്ച് ഒരു പത്രപ്രവര്‍ത്തകനും ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൗലികാവകാശത്തില്‍ സുപ്രിം കോടതി ഇടപെടുകയും അക്കാര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് യുഎപിഎ നിയമപ്രകാരം നിരോധിത പ്രവര്‍ത്തനമായി വിശേഷിപ്പിക്കാനാകില്ല.ഏതൊരു രാജ്യത്തിന്റെയും നിലനില്‍പ്പിന് ജനാധിപത്യം അനിവാര്യമാണെന്ന് തങ്ങള്‍ കൂട്ടായി കരുതുന്നു.

പത്രപ്രവര്‍ത്തനവും പത്രപ്രവര്‍ത്തകരും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ജനാധിപത്യം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ആസ്വദിക്കാനും ഉപയോഗിക്കാനും കഴിയണം.

മാധ്യമപ്രവര്‍ത്തകര്‍ക്ക്, അവരുടെ ജോലി ചെയ്യുമ്പോള്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ ജനാധിപത്യം കുഴപ്പത്തിലാകും.

അതിനാല്‍, ഇത്തരം സാഹചര്യത്തില്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രത്യേകിച്ച് മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള ക്രൂരമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ട് ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ ചില കണ്ടെത്തലുകള്‍ 1978ലെ പ്രസ് കൗണ്‍സില്‍ ആക്റ്റ് പ്രകാരം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച പത്രപ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തങ്ങള്‍ ഭയപ്പെടുന്നതായും കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it