Sub Lead

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം; വഴങ്ങാതെ കേന്ദ്രസര്‍ക്കാര്‍

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം; വഴങ്ങാതെ കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷം. വ്യാഴാഴ്ച പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇന്നും പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കുന്നുണ്ട്. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഏതുവിധേയനയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രമന്ത്രിയുടെ രാജി നേടിയെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ നിശ്ചയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരുകയും ചെയ്തു. ഇന്നലെ രാഹുല്‍ ഗാന്ധിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. 12 എംപിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനം നീളുകയാണ്. ഈ സമ്മേളനം അവസാനിക്കുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരാനാണ് സാധ്യത. 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തിനൊപ്പം ലഖിംപൂര്‍ ഖേരിയും ആയുധമാക്കിയതോടെ രാജ്യസഭയ്‌ക്കൊപ്പം ലോക്‌സഭയിലും നടപടികള്‍ തടസ്സപ്പെടുകയാണ്. അതേസമയം, കേന്ദ്രമന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. ജയിലില്‍ കഴിയുന്ന ആശിഷ് മിശ്രയ്‌ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടും പിതാവായ കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.

സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടതും വിവാദമായി. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്നാണ് 'നീതി നടപ്പാക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷാംഗങ്ങള്‍ കഴിഞ്ഞദിവസം നടുത്തളത്തില്‍ ഇറങ്ങിയത്. ബഹളത്തില്‍ നടപടികള്‍ തടസ്സപ്പെട്ടതോടെ സ്പീക്കര്‍ ഓം ബിര്‍ള രണ്ടുമണിവരെ സഭ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് ശേഷവും സഭയില്‍ ബഹളം തുടര്‍ന്നു. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.

രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ് ഹൂഡയും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി. തുടര്‍ന്ന് ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. ചര്‍ച്ച നടത്തി പ്രതിപക്ഷത്തിന് ആയുധം നല്‍കേണ്ടെന്നാണ് പ്രതിരോധത്തിലായ സര്‍ക്കാര്‍ നിലപാട്. അജയ് മിശ്രയെ പുറത്താക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇന്നും നോട്ടീസ് നല്‍കുന്നത്. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ ആശിഷ് മിശ്രക്കെതിരേ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടിയാണ് ചുമത്തിയത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചുകയറ്റിയത് മനപ്പൂര്‍വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരേ പുതിയ വകുപ്പുകള്‍ ചുമത്തിയത്. സ്ഥലത്ത് വെടിവയ്പ്പ് നടന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു. അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്‌ഐആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരേയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it