Sub Lead

കേന്ദ്രമന്ത്രിയുടെ മകനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു, ഇരകളുടെ ബന്ധുക്കള്‍ക്ക് നീതികിട്ടുമെന്ന് പ്രതീക്ഷയില്ല; യുപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

കേന്ദ്രമന്ത്രിയുടെ മകനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു, ഇരകളുടെ ബന്ധുക്കള്‍ക്ക് നീതികിട്ടുമെന്ന് പ്രതീക്ഷയില്ല; യുപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക
X

വാരാണസി: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ മകനെ യുപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇരകളുടെ ബന്ധുക്കള്‍ക്ക് നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. വാരാണസിയിലെ കിസാന്‍ ന്യായ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു പ്രിയങ്ക.

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആറ് കര്‍ഷകരെ സ്വന്തം വാഹനമിടിച്ചു വീഴ്ത്തി. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, കേന്ദ്ര സഹമന്ത്രിയെയും അദ്ദേഹത്തിന്റെ മകനെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എല്ലാവരും കണ്ടതാണ്. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്ത് ആരും സുരക്ഷിതരല്ല. എന്നാല്‍, അദ്ദേഹത്തിന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ മാത്രം നല്ല രീതിയില്‍ പോവുന്നു. പ്രധാനമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ സ്വകാര്യസ്വത്തല്ല രാജ്യം.

രാജ്യം നിങ്ങളുടേതാണ്. അക്കാര്യം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. യുപിയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ദലിത് വിഭാഗക്കാര്‍ക്കും രക്ഷയില്ല. കര്‍ഷകരും സ്ത്രീകളും യുപിയില്‍ നേരിടുന്നത് കടുത്ത നീതിനിഷേധമാണ്. യോഗി സര്‍ക്കാര്‍ നിലകൊള്ളുന്നത് തന്നെ കുറ്റവാളികള്‍ക്കുവേണ്ടിയാണ്. കൊവിഡ് കാലത്ത് യുപി സര്‍ക്കാര്‍ ദരിദ്രരെ കൈയൊഴിഞ്ഞു.

ഹാഥ്‌റസ് കേസിലും നീതി നടപ്പായില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് കര്‍ഷകരാണ്. അവരുടെ മക്കളാണ് അതിര്‍ത്തികള്‍ കാക്കുന്നത്. എന്നാല്‍, അവരുടെ കുടുംബങ്ങളില്‍പ്പെട്ടവരാണ് ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്‌നങ്ങള്‍ക്കൊന്നുമെതിരേ ഇനിയും നിശബ്ദരായി ഇരിക്കാന്‍ പാടില്ല. തന്നെ ജയിലിലടച്ചാലും നിശബ്ദയാക്കാനാവില്ല. നീതിക്കായി പോരാടും. ലഖിംപൂരിലെ കര്‍ഷകര്‍ക്ക് വേണ്ടത് നീതിയാണ്, സഹായധനമല്ലെന്നും പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി കര്‍ഷകരെ തിരിഞ്ഞുനോക്കുന്നില്ല. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പ്രധാനമന്ത്രി തീവ്രവാദികളെന്ന് വിളിച്ചു. അവരെ തെമ്മാടികളെന്ന് വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.

കര്‍ഷകരെ രണ്ട് മിനിറ്റിനുള്ളില്‍ വരച്ച വരയില്‍ നിര്‍ത്തുമെന്ന് മറ്റൊരു മന്ത്രി (അജയ് കുമാര്‍ മിശ്ര) പറഞ്ഞു. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ ലഖ്‌നോവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നിനെയും ഭയമില്ല. മാറ്റം ആഗ്രഹിക്കുന്നവര്‍ തന്റെയൊപ്പം വരൂ. ശക്തമായ പോരാട്ടം നടത്തി ഭരണമാറ്റം സാധ്യമാക്കാം.

കാര്യങ്ങള്‍ക്ക് മാറ്റംവരാതെ താന്‍ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വന്തം ആവശ്യത്തിന് 16,000 കോടിരൂപയ്ക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങിയ പ്രധാനമന്ത്രി 18,000 കോടിക്ക് എയര്‍ ഇന്ത്യ തന്റെ കോടീശ്വരന്മാരായ സുഹൃത്തുകള്‍ക്ക് വിറ്റു. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ഇന്ത്യ 18,000 കോടിരൂപയ്ക്ക് ടാറ്റ സണ്‍സ് ഏറ്റെടുത്തതിനെതിരേയാണ് പ്രിയങ്കയുടെ വിമര്‍ശനം.

Next Story

RELATED STORIES

Share it