Sub Lead

ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ഭരണകൂടം ഉറപ്പാക്കണമെന്ന് ഹൈക്കോടതി; ഹരജിയില്‍ വിശദീകരണം തേടി

അരിയടക്കമുള്ളവ വിതരണം ചെയ്യുന്നുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതയില്‍ അറിയിച്ചു.അരിക്കു പുറമേ ലക്ഷദ്വീപ് നിവാസികള്‍ക്ക് മറ്റെന്തെങ്കിലും ധാന്യങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ദ്വീപ് നിവാസികള്‍ക്ക് നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു

ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ഭരണകൂടം ഉറപ്പാക്കണമെന്ന് ഹൈക്കോടതി; ഹരജിയില്‍ വിശദീകരണം തേടി
X

കൊച്ചി: ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ വരെ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ്് ഭരണകൂടത്തിനോട് വിശദീകരണം തേടി.ലക്ഷദ്വീപ് നിവാസിള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗമായിരുന്ന കെ കെ നാസിഹ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദ്ദേശം.

അരിയടക്കമുള്ളവ വിതരണം ചെയ്യുന്നുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതയില്‍ അറിയിച്ചു.അരി വിതരണത്തിനു ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അരിക്കു പുറമേ ലക്ഷദ്വീപ് നിവാസികള്‍ക്ക് മറ്റെന്തെങ്കിലും ധാന്യങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ദ്വീപ് നിവാസികള്‍ക്ക് നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കലക്ടര്‍ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ലോക്ഡൗണ്‍ കാലത്ത് ലക്ഷദ്വീപ് നിവാസികള്‍ക്ക വിതരണം ചെയ്ത ഭക്ഷ്യധാന്യ വിതരണത്തിന്റെ വിശദാംശങ്ങള്‍ രേഖാമൂലം ഹാജരാക്കണം. സൗജന്യമായും വിലയ്ക്കും നല്‍കിയ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നു കോടതി വ്യക്തമാക്കി. ലോക്ഡൗണ്‍ കാലത്ത് സ്വീകരിച്ച നടപടികളും അധിക നടപടികളും സംബന്ധിച്ച വിശദാംശങ്ങള്‍ ബോധിപ്പിക്കണം.

ദ്വീപില്‍ അരിയുള്‍പ്പെടെയുള്ള അത്യാവശ്യ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യമുണ്ടന്നു ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. ദ്വീപ് സാധാരണ ഗതിയിലെത്തുന്നതുവരെ ജനങ്ങള്‍ക്ക് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ലോക്ക്ഡൗണ്‍ മൂലം ദ്വീപിലെ 80 ശതമാനത്തോളം ആളുകളും ഉപജീവനമാര്‍ഗങ്ങള്‍ മുടങ്ങിയ സ്ഥിതിയില്‍ ആണെന്നും ഹരജിയില്‍ പറയുന്നു.പണവും ഭക്ഷണവുമില്ലാതെ ജനങ്ങള്‍ വലയുകയാണ്.അമിനി ദ്വീപിലും കവരത്തിയിലും കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹരജി ജൂണ്‍ 15 നു വീണ്ടും പരിഗണിക്കുന്നിതിനായി കോടതി മാറ്റി.

Next Story

RELATED STORIES

Share it