- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ദ്വീപ് വളയുന്ന ഫാഷിസം '; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം
ഫാഷിസം നയമായി മാറുന്ന അപകടത്തില്‍ വിയോജിപ്പുകളെ കൈകാര്യം ചെയ്യുന്ന പുതിയ ആധിപത്യരീതി വെളിപ്പെടുന്നുണ്ട്. അത് അവഗണനയുടെ അപഹാസ്യ നിലപാടാണ്. മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തെ ഡല്‍ഹിയുടെ തെരുവുകളില്‍ അനാഥമാക്കുന്നത് അവഗണനയുടെ ഇതേ ഫാഷിസ്റ്റ് നിലപാട് തന്നെയാണ്
കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗം.ഫാഷിസത്തിന്റെ ആധുനിക അരങ്ങേറ്റം നിയതവും നയാമികവുമായ പാര്‍ലമെന്ററി രീതികളുടെ തന്നെയെന്നത് സമകാലികാനുഭവമായിരിക്കെ, വികസന വേഷം കെട്ടി ഇപ്പോള്‍ ലക്ഷദ്വീപിലെത്തുന്നതും മറ്റൊന്നാകില്ലെന്ന ഭയം ജനാധിപത്യ വിശ്വാസികളുടേതാണെന്ന് സത്യദീപത്തിന്റെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.അധിനിവേശത്തിന്റെ ആധുനിക വൈതാളികര്‍ അധികാരത്തിരയിളക്കി ആഞ്ഞടിക്കുമ്പോള്‍ ജനാധിപത്യബന്ധ വിച്ഛേദം വഴി പൂര്‍ണ്ണമായും ഒറ്റപ്പെടുന്നതിന്റെ 'ദ്വീപ'നുഭവത്തിലാണിപ്പോള്‍ ലക്ഷദ്വീപ് നിവാസികള്‍.
10 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കടലില്‍ 36 ചെറുദ്വീപുകളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ആളനക്കമുള്ളത്. 32 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലെ ചെറിയ ഭൂവിഭാഗത്തില്‍ 70,000 ഓളം ആളുകളാണ് അധിവസിക്കുന്നത്. അനിശ്ചിതത്വത്തിന്റെ ആപല്‍ സാധ്യതകളിലേക്ക് ലക്ഷദ്വീപിനെ ഇപ്പോള്‍ കുരുക്കിയൊതുക്കുന്നത് പുതിയ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌ക്കാരമറവിലെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണ്. ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ കിടപ്പാടമില്ലാതാക്കി തെരുവിലിറക്കിയ ദാമന്‍-ദിയുവിലെ ടൂറിസ വികസനത്തിന്റെ തലതൊട്ടപ്പന്‍ ഇതേ പ്രഫുല്‍ പട്ടേലായത് യാദൃശ്ചികമല്ല.
ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മല്‍സ്യബന്ധനം തുടങ്ങിയവ അഡ്മിനിസ്ട്രേറ്ററുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതും, പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കാന്‍ സൗകര്യപ്പെടുംവിധം ഗുണ്ടാ ആക്ടിന്റെ ദുരുപയോഗസാധ്യത ഉറപ്പാക്കിയതും, ദ്വീപിനു പുറത്തുള്ളവര്‍ക്ക് അനായാസം ഭൂമി വാങ്ങുവാന്‍ കഴിയും വിധം ദ്വീപുവാസികളുടെ ഉടമസ്ഥാവകാശം അസ്ഥിരപ്പെടുത്തിയതും ഉള്‍പ്പെടെയുള്ള നിരവധി പരിഷ്‌ക്കരണങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ അവഗണിച്ചും അവിശ്വസിച്ചും ഏകപക്ഷീയമായി നടപ്പാക്കാന്‍ തുടങ്ങിയത് മുതലാണ് പ്രക്ഷോഭങ്ങളുടെ പ്രയാസനാളുകള്‍ ദ്വീപിന് സമ്മാനിക്കപ്പെട്ടത്. ദ്വീപിനെ 2021 ഫെബ്രുവരി 18 വരെ കൊവിഡ് മുക്തമാക്കി നിലനിര്‍ത്തിയ കര്‍ക്കശ നിലപാടുകള്‍ കാറ്റില്‍പ്പറത്തിയത് കൊവിഡ് കേസുകള്‍ പെരുകാനിടയാക്കിയെന്നതും ജനകീയ പ്രതിഷേധങ്ങള്‍ക്ക് മറ്റൊരു കാരണമായി.
ദ്വീപിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്ത്യന്‍ ദേശീയതയെയാണ് എക്കാലവും പ്രതിനിധീകരിക്കുന്നത്. സംസ്ഥാന രൂപീകരണ ചര്‍ച്ചകളില്‍ ദ്വീപിനെ കേരളത്തോട് ചേര്‍ക്കാനുള്ള താല്‍പര്യമുയര്‍ന്നപ്പോള്‍, ദ്വീപുകളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് കേന്ദ്രത്തോട് ചേര്‍ത്ത് നിര്‍ത്താനായിരുന്നു, നെഹ്റു തീരുമാനിച്ചത്. കോഴിക്കോട്ട് നിന്നും കവരത്തിയിലേക്കുള്ള ദ്വീപിന്റെ തലസ്ഥാന മാറ്റം നെഹ്റുവിന്റെ വിശ്വസ്തനായ മൂര്‍ക്കോത്ത് രാവുണ്ണിയുടെ ദ്വീപിലെ വലിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. ദ്വീപിലെ ലോക്സഭാ പ്രതിനിധിയെ നോമിനേറ്റ് ചെയ്യുന്ന പതിവ് നിര്‍ത്തി 1967-ല്‍ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് പ്രതിനിധിയായി പി എം സെയ്ദ് ലോക്സഭയിലെത്തി. 36 വര്‍ഷം നീണ്ട കോണ്‍ഗ്രസ് പ്രാതിനിധ്യം ഇപ്പോള്‍ എന്‍സിപിക്കായി വഴിമാറിയെങ്കിലും ദേശീയ പാര്‍ട്ടികള്‍ക്കൊപ്പമാണ് ദ്വീപിലെ എക്കാലത്തെയും ജനാധിപത്യ ബോധവികാസം.
തീവ്രവാദ നിലപാടുകള്‍ക്കോ, അവയെ പ്രതിനിധീകരിക്കുന്ന മതസംഘടനകള്‍ക്കോ ദ്വീപില്‍ ഇതുവരെയും ഇടമില്ലെന്നതും ശ്രദ്ധിക്കണം.ടൂറിസത്തിന്റെ അനന്തസാധ്യതകളെ മുന്‍നിറുത്തിയും ദേശീയ സുരക്ഷയുടെ ആഭ്യന്തര ഭീതിയെ അടിസ്ഥാനമാക്കിയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ പ്രഫുല്‍ പട്ടേലിന്റെ പുതിയ പടയൊരുക്കം. എന്നാല്‍ തദ്ദേശ സംസ്‌ക്കാരത്തെ തകിടം മറിക്കുന്ന വികസനം ദ്വീപിനു വേണ്ടിയല്ലെന്ന സങ്കടത്തെ പുതിയ നിയമനീക്ക ങ്ങള്‍കൊണ്ട് നിരന്തരം വെല്ലുവിളിക്കുമ്പോള്‍, കടല്‍നിരപ്പില്‍നിന്നും വെറും 8 അടി മാത്രം ഉയരത്തിലുള്ള ലക്ഷദ്വീപ് സമൂഹം അങ്ങേയറ്റം പരിസ്ഥിതി ലോലപ്രദേശമാണെന്ന് മറന്നുപോകരുത്.
സ്വന്തം മണ്ണില്‍നിന്നും സംസ്‌കാരത്തില്‍നിന്നും ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ വേദനയില്‍ ഒരു ജനത നിലവിളിക്കുമ്പോള്‍ കേരളത്തിനും ദ്വീപിനുമിടയിലുള്ള അകലം വെറും 496 കിലോമീറ്ററിന്റേതാണെന്നും ഓര്‍ക്കണം. ഇതു വെറും ന്യൂനപക്ഷ വേട്ടയല്ല. മറിച്ച് മനഃപൂര്‍വ്വമായ മാനവികതാ ധ്വംസനം തന്നെയാണ്, മാറിനില്‍ക്കരുത്.നാട്ടുകാര്‍ക്ക് മനസ്സിലാകാത്ത വികസനം നാടിന്റെയാണോ എന്നാണ് ലക്ഷദ്വീപ് ചോദിക്കുന്നത്. വിശദീകരിച്ചും, വിശ്വാസത്തിലെടുത്തും, ജനാധിപത്യ മര്യാദകള്‍ യഥാവിധി പാലിച്ചും, എല്ലാവര്‍ക്കും പങ്കാളിത്തമുള്ള വികസന വഴിയില്‍ ലക്ഷദ്വീപ് തുടരട്ടെ; ഒറ്റപ്പെടലിന്റെ ദ്വീപനുഭവം തുടരാതെയും എന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
ഫാഷിസം നയമായി മാറുന്ന അപകടത്തില്‍ വിയോജിപ്പുകളെ കൈകാര്യം ചെയ്യുന്ന പുതിയ ആധിപത്യരീതി വെളിപ്പെടുന്നുണ്ട്. അത് അവഗണനയുടെ അപഹാസ്യ നിലപാടാണ്. മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തെ ഡല്‍ഹിയുടെ തെരുവുകളില്‍ അനാഥമാക്കുന്നത് അവഗണനയുടെ ഇതേ ഫാസിസ്റ്റ് നിലപാട് തന്നെയാണ്. ജനവികാരം അവഗണിച്ച് ഈ ദുരിതകാലത്ത് ഇന്ധനവില 28 രൂപയോളം വര്‍ധിപ്പിച്ച് നൂറിലെത്തിച്ച ജനാധിപത്യ സര്‍ക്കാരാണിത്.
ഒരു രാജ്യത്തെ കീഴടക്കാന്‍ അവിടുത്തെ ജനതയെ നിരായുധരാക്കിയാല്‍ മതിയെന്ന വാദമായിരുന്നു ഹിറ്റ്ലറുടേത്.നിസ്സംഗതയിലൂടെ നിരായുധീകരണം പൂര്‍ണ്ണമായ ഒരു ജനതയായി ഇന്ത്യ എന്നേ കുത്തകകള്‍ക്ക് കീഴടങ്ങിക്കഴിഞ്ഞുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.സര്‍ക്കാര്‍ വിമര്‍ശനം രാജ്യദ്രോഹമല്ലെന്ന വിധി പരസ്യമായി പറയുവോളം നമ്മുടെ ഉന്നത ന്യായപീഠം ഉയര്‍ന്നുവെന്നല്ല, അസഹിഷ്ണുതയുടെ ആസുരടയാളങ്ങള്‍ അധികമായി നിറഞ്ഞ്, നമ്മുടെ ജനാധിപത്യയിടം ശോഷിച്ചുപോയതിന്റെ പിഴമൂളലായി വേണം മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന്‍, വിനോദ് ദുവയെ ഈയിടെ കുറ്റവിമുക്തനാക്കിയ നടപടിയെ കാണാനെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
മറച്ചുപിടിക്കുന്നതാണ് മറ്റൊരു രീതി. ചേരിദാരിദ്ര്യത്തിന്റെ അശ്ലീലക്കാഴ്ചകളെ മതിലുകെട്ടി മറച്ച അതേ പാരമ്പര്യവഴിയിലാണ് കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന വിവരങ്ങള്‍ വിവരാവകാശ നിയമ പരിധിക്ക് പുറത്തു നിറുത്തുന്നതും.2020 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് നിവാരണത്തിനായി രൂപീകരിച്ച ദേശീയ വിദഗ്ദ്ധ സമിതി യോട് ഇതുവരെയും യാതൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ ഇരുട്ടില്‍ നിറുത്തിയിരിക്കുന്നതിന്റെ പൊരുള്‍ ഇതല്ലാതെ മറ്റെന്താണെന്നും മുഖപ്രസംഗം ചോദിക്കുന്നു.പതിനെട്ടിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്സിന്‍ പ്രഖ്യാപനത്തിനു പുറകില്‍ സുപ്രീം കോടതിയുടെ നിരനന്തരസമ്മര്‍ദ്ദഫലമാണെന്നറിയണമെന്നും മുഖ്യപ്രസംഗം വ്യക്തമാക്കുന്നു.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT