Sub Lead

ലുഫ്താന്‍സ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി; നിയന്ത്രണം ഒക്ടോബര്‍ 20 വരെ

വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തേ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

ലുഫ്താന്‍സ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി; നിയന്ത്രണം ഒക്ടോബര്‍ 20 വരെ
X

ബെര്‍ലിന്‍: ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി.നാളെ മുതല്‍ ഒക്ടോബര്‍ 20 വരെ നടത്താന്‍ നിശ്ചയിശ്ച സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തേ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

ഒക്ടോബറില്‍ സര്‍വീസ് നടത്താനുള്ള തങ്ങളുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതിനാല്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സെപ്തംബര്‍ അവസാനം വരെ സ്‌പെഷ്യല്‍ സര്‍വീസ് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലുഫ്താന്‍സ എയര്‍ലൈന്‍സ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള താല്‍ക്കാലിക യാത്രാക്കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ജര്‍മന്‍ സര്‍ക്കാരിന്റെ ക്ഷണം ഇന്ത്യ ഇതുവരെയും സ്വീകരിച്ചിരുന്നില്ലെന്നും ലുഫ്താന്‍സ എയര്‍ലൈന്‍സ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റ് അപേക്ഷ നിരസിച്ചതോടെയാണ് ഒക്ടോബര്‍ 20 വരെ ഇന്ത്യയിലേക്ക് നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന വിമാന സര്‍വ്വീസുകള്‍ ലുഫ്താന്‍സ നിര്‍ത്തിവെച്ചിട്ടുള്ളതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ പ്രകാരം ആഴ്ചയില്‍ 20 സര്‍വീസുകള്‍ക്കാണ് ലുഫ്താന്‍സയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്നോ നാലോ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇത് ഫലത്തില്‍ ലുഫ്താന്‍സയ്ക്ക് അനുകൂലമാകുകയും ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് ഗുണകരമല്ലാതാകുകയും ചെയ്യുന്നതായി ഡിജിസിഎ അറിയിച്ചു. ഇതേ തുടര്‍ന്ന് ലുഫ്താന്‍സയ്ക്ക് ആഴ്ചയില്‍ പരമാവധി ഏഴ് സര്‍വീസിന് മാത്രമായി അനുമതി ചുരുക്കി. ഇതാണ് ലുഫ്താന്‍സയെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള റദ്ദാക്കല്‍ തീരുമാനത്തിനും പിന്നില്‍.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചതോടെ ഇന്ത്യ 13 രാജ്യങ്ങളുമായി എയര്‍ ബബിള്‍ സര്‍വീസ് ആരംഭിച്ചിരുന്നു. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, കാനഡ, മാലദ്വീപ്, ഖത്തര്‍, ബഹ്‌റൈന്‍, നൈജീരിയ, ഇറാഖ്, അഫ്ഗാനിസ്താന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇതോടെ സര്‍വീസ് നടത്തിവരുന്നത്. ഇത്തരത്തില്‍ മറ്റ് എയര്‍ ബബിള്‍ സര്‍വീസ് നടത്തുന്നതിനായി ഇന്ത്യ ചര്‍ച്ച നടത്തി വരികയാണ്. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ നിയന്ത്രണങ്ങളില്ലാതെ ഇരു രാജ്യങ്ങളുടേയും വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്ന സംവിധാനമാണ് എയര്‍ ബബിളുകള്‍ എന്നറിയപ്പെടുന്നത്.

Next Story

RELATED STORIES

Share it