Big stories

പൊതുകടം രണ്ടരലക്ഷം കോടി, പട്ടിണിയില്‍ മുങ്ങി ജനം; 2,000 കോടിയുടെ പ്രതിമ നിര്‍മാണവുമായി ബിജെപി സര്‍ക്കാര്‍

പൊതുകടം രണ്ടരലക്ഷം കോടി, പട്ടിണിയില്‍ മുങ്ങി ജനം; 2,000 കോടിയുടെ പ്രതിമ നിര്‍മാണവുമായി ബിജെപി സര്‍ക്കാര്‍
X

ഭോപാല്‍: സംസ്ഥാനം കോടികളുടെ കടത്തില്‍ മുങ്ങിക്കഴിയുമ്പോള്‍ കോടികള്‍ മുടക്കി പ്രതിമ നിര്‍മാണത്തിനൊരുങ്ങി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. 2.5 ലക്ഷം കോടിയുടെ കടം നിലനില്‍ക്കവെയാണ് ആത്മീയാചാര്യന്‍ ആദിശങ്കരന്റെ (ശങ്കരാചാര്യര്‍) 2,000 കോടിയുടെ പ്രതിമ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 108 അടി ഉയരമുള്ള പ്രതിമ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ശങ്കരാചാര്യ ട്രസ്റ്റുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

സ്വാമി അവേദശാനന്ദ് ഗിരി ജി മഹാരാജ് ഉള്‍പ്പെടെയുള്ള പ്രമുഖ സന്യാസിമാരും ട്രസ്റ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 108 അടിയില്‍ വിവിധ ലോഹങ്ങള്‍ കൊണ്ടായിരിക്കും പ്രതിമയുടെ നിര്‍മാണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതോടൊപ്പം വേദാന്ത പഠനത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും നിര്‍മിക്കുമെന്നും അതുവഴി സംസ്ഥാനത്തെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

'സ്റ്റാച്യൂ ഒഫ് വണ്‍നെസ്സ്' എന്ന് പേരിട്ടിരിക്കുന്ന പ്രതിമയും 7.5 ഹെക്ടറില്‍ നിര്‍മിക്കുന്ന മ്യൂസിയവുമാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതുകൂടാതെ നര്‍മദ നദിയുടെ കരയില്‍ അഞ്ച് ഹെക്ടര്‍ വിസ്താരത്തില്‍ ഗുരുകുലവും, 10 ഹെക്ടര്‍ വിസ്താരത്തില്‍ അദൈ്വത വേദാന്ത സന്‍സ്ഥാനും നിര്‍മിക്കും. ശങ്കരാചാര്യരുടെ പ്രതിമ ഓംകാരേശ്വരത്ത് സ്ഥാപിക്കുന്നത് പ്രായോഗിക വേദാന്തത്തിന് ജീവന്‍ നല്‍കാനുള്ള പദ്ധതിയാണെന്ന് ചൗഹാന്‍ പറഞ്ഞു. ഈ ലോകം ഒരു കുടുംബമായി മാറട്ടെ, ഇതാണ് ഇതിന് പിന്നിലെ ലക്ഷ്യം, ട്രസ്റ്റ് അംഗങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുഴുവന്‍ കര്‍മപദ്ധതിക്കും അന്തിമരൂപം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പദ്ധതിക്കെതിരേ സംസ്ഥാനത്ത് രൂക്ഷവിമര്‍ശനവും ഉയരുകയാണ്. സംസ്ഥാനം 2.5 ലക്ഷം കോടിയുടെ കടത്തില്‍പെട്ട് നില്‍ക്കുമ്പോള്‍ ഇങ്ങനൊരു പ്രതിമയുടെ ആവശ്യമെന്തിനാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്. സംസ്ഥാന ബജറ്റിനേക്കാളും വലിയ കടമാണ് നിലവിലുള്ളത്. സംസ്ഥാന ബജറ്റിലെ തുക 2.41 ലക്ഷം കോടിയും സംസ്ഥാനത്തിന്റെ പൊതുകടം 2.56 ലക്ഷം കോടിയുമാണ്. സംസ്ഥാനത്തിലെ ഒരോ ആളുടെയും പ്രതിശീര്‍ഷ കടം 34,000 രൂപയാണെന്നുമാണ് കണക്കുകള്‍. വിഷയത്തെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും സംസ്ഥാന ബജറ്റിന് ശേഷമാവാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്തിന്റെ പൊതുകടം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. 'എപ്പോഴാണോ സംസ്ഥാന ബജറ്റില്‍ ഇതിനുള്ള തുക മാറ്റിവയ്ക്കുന്നത്. അപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം,' എന്നാണ് പ്രതിപക്ഷ നേതാവ് കമല്‍നാഥ് പറഞ്ഞത്. കടബാധ്യത സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ജിത്തു പട്‌വാരിയും പദ്ധതിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. കനത്ത മഴയിലും ആലിപ്പഴവീഴ്ചയിലും സംസ്ഥാനത്ത് വ്യാപക കൃഷിനാശമുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. 18 ജില്ലകളിലായി നൂറുകണക്കിന് ഏക്കറോളമുള്ള കൃഷിയാണ് നശിച്ചത്.

എന്നാല്‍, കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കുന്ന തരത്തില്‍ ഒരു പ്രഖ്യാപനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശമുണ്ടായതിനെത്തുടര്‍ന്ന് ഒരു കര്‍ഷകന്‍ മുന്‍ എംഎല്‍എ മഹേന്ദ്ര സിങ് യാദവിന്റെ കാല്‍ക്കല്‍ വീഴുന്ന വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ രാജിവച്ച് പ്രതിഷേധിക്കുമെന്ന് അശോക് നഗറില്‍ ഭരണകക്ഷിയായ ബിജെപി എംഎല്‍എ ജജ്പാല്‍ സിങ് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ കോടികളുടെ പ്രതിമ നിര്‍മാണവുമായി മുന്നോട്ടുപോവാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ വരുംദിവസങ്ങളില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it