Sub Lead

നാടോടി ബാലികയ്ക്ക് മര്‍ദനം: ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ നടപടിയെടുക്കാതെ സിപിഎം നേതൃത്വം

ബാലികയ്ക്ക് ക്രൂരമര്‍ദനമേറ്റതായി വ്യക്തമായ സാഹചര്യത്തില്‍ രാഘവനെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലിസ് അറസ്റ്റുചെയ്തത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലാത്ത ക്രൂരമായ പ്രവൃത്തി ചെയ്തിട്ടും നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

നാടോടി ബാലികയ്ക്ക് മര്‍ദനം: ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ നടപടിയെടുക്കാതെ സിപിഎം നേതൃത്വം
X

മലപ്പുറം: എടപ്പാളില്‍ നാടോടി ബാലികയെ ക്രൂരമായി മര്‍ദിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി രാഘവനെതിരേ അച്ചടക്കനടപടിയെടുക്കാതെ പാര്‍ട്ടി നേതൃത്വം. ബാലികയ്ക്ക് ക്രൂരമര്‍ദനമേറ്റതായി വ്യക്തമായ സാഹചര്യത്തില്‍ രാഘവനെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലിസ് അറസ്റ്റുചെയ്തത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലാത്ത ക്രൂരമായ പ്രവൃത്തി ചെയ്തിട്ടും നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

ബാലികയെ ആക്രമിച്ചതിന്റെ പേരില്‍ രാഘവനെതിരേ പാര്‍ട്ടി നടപടിയുണ്ടാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസാണ് വ്യക്തമാക്കിയത്. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പരിക്കേറ്റത് വീഴ്ചയിലാണെന്നാണ് മനസ്സിലാക്കിയത്. വീട്ടിലെ ആക്രിസാധനങ്ങള്‍ പെറുക്കുന്നത് തടയുക മാത്രമാണ് സി രാഘവന്‍ ചെയ്തതെന്നും ഇത് സ്വാഭാവിക നടപടിയാണെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. സി രാഘവനെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. ജീവന്‍ അപകടപ്പെട്ടേക്കാവുന്ന വിധത്തില്‍ മാരകമായി അടിച്ചുപരിക്കേല്‍പ്പിക്കല്‍ ഉള്‍പ്പടെ ജാമ്യമില്ലാത്ത വകുപ്പുകളാണ് രാഘവനെതിരേ ചങ്ങരംകുളം പോലിസ് ചുമത്തിയിട്ടുള്ളത്. അതിനിടെ, പരിക്കേറ്റ കുട്ടിയെ തുടര്‍ചികില്‍സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിക്ക് വിദഗ്ധചികില്‍സയും പരിചരണവും വേണമെന്ന പൊന്നാനി താലൂക്കാശുപത്രി ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ കുട്ടിക്ക് പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കളാ് ഒപ്പമുള്ളത്. കുട്ടിയുടെ നെറ്റിയിലാണ് കമ്പികൊണ്ടുള്ള അടിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുള്ളത്. ഇന്നു രാവിലെ പോലിസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്ത് കുട്ടി അതിക്രമിച്ചുകയറി ആക്രിസാധനങ്ങള്‍ പെറുക്കിയെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവം നടന്നശേഷം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നു പോലിസിന്റെ അന്വേഷണം. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ സിപിഎം നേതാവിനെ അറസ്റ്റുചെയ്യാന്‍ പോലിസ് നിര്‍ബന്ധിതരാവുകയായിരുന്നു.

Next Story

RELATED STORIES

Share it