Sub Lead

ന്യൂസിലന്‍ഡ് ആക്രമണം ഫേസ്ബുക്കില്‍ 'ആഘോഷിച്ച' യുവാവിനെ യുഎഇ നാടുകടത്തി

നാടുകടത്തപ്പെട്ട ആളുടെ വിശദാംശങ്ങളോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിന്റെ വിശദാംശങ്ങളോ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ന്യൂസിലന്‍ഡ് ആക്രമണം ഫേസ്ബുക്കില്‍  ആഘോഷിച്ച യുവാവിനെ യുഎഇ നാടുകടത്തി
X

ദുബയ്: ന്യൂസിലന്‍ഡ് മസ്ജിദുകളിലുണ്ടായ ആക്രമണം ഫേസ്ബുക്ക് പോസ്റ്റിലൂടെ 'ആഘോഷിച്ച്' ആളെ യുഎഇ നാടുകടത്തി. ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലെ തൊഴിലാളിയായ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടശേഷം നിയമനടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. അതേസമയം, നാടുകടത്തപ്പെട്ട ആളുടെ വിശദാംശങ്ങളോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിന്റെ വിശദാംശങ്ങളോ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ക്രിസ്റ്റ്ചര്‍ച്ചില്‍ ജുമുഅ നമസ്‌കാരത്തിനിടെ മസ്ജിദുകളിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നാലെ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗാര്‍ഡ് എന്ന കമ്പനിയിലെ ജീവനക്കാരന്‍ ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ ഇയാള്‍ക്കെതിരേ അന്വേഷണം നടത്തുകയും ആരോപണ വിധേയനായ ജീവനക്കാരന്‍ മറ്റൊരു പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നു പോസ്റ്റ് ഇടുകയായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം വച്ച് പൊറുപ്പിക്കില്ലെന്നു വ്യക്തമാക്കിയ കമ്പനി അധികൃതര്‍ ഉടന്‍ തന്നെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നിയമപ്രകാരമുള്ള മറ്റ് നടപടികള്‍ക്കായി ഇയാളെ അധികൃതര്‍ക്ക് കൈമാറിയെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ ഗ്രെഡ് വാര്‍ഡ് അറിയിച്ചു. തുടര്‍ന്ന് ഇയാളെ നാടുകടത്താന്‍ അധികൃതര്‍ ഉത്തരവിടുകായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷയാണ് യുഎഇ സൈബര്‍ നിയമം അനുശാസിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്ക് തടവു ശിക്ഷയും 50,000 മുതല്‍ 30 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കാം.

Next Story

RELATED STORIES

Share it