Sub Lead

പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചു; പി ജയരാജന് മറുപടിയുമായി മനു തോമസ്

പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചു; പി ജയരാജന് മറുപടിയുമായി മനു തോമസ്
X

കണ്ണൂര്‍: ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘത്തിന് പിന്തുണ നല്‍കുന്നുവെന്ന ആരോപണത്തില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സിപിഎം അംഗത്വമൊഴിഞ്ഞ ഡിവൈഎഫ് ഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് മനുതോമസ് സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജനെതിരേ മറുപടിയുമായി രംഗത്ത്. പി ജയരാജന്‍ ഫേസ്ബുക്കിലൂടെ മനുതോമസിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍ ചെയ്യുന്നതെന്നും ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് താങ്കളെന്നും മനു തോമസ് ഓര്‍മിപ്പിക്കുന്നുണ്ട്. ഓര്‍മയുണ്ടാകുമല്ലോ പലതും. താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ് എന്ന് പറയുന്ന കുറിപ്പില്‍ ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമ്മുക്ക് പറയാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈയടുത്ത് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതടക്കം എല്ലാം ജനങ്ങള്‍ അറിയട്ടെയെന്നും മനു തോമസ് പറയുന്നുണ്ട്. മനുതോമസിനെതിരേ നടപടിയെടുത്തതു സംബന്ധിച്ച വാര്‍ത്തയില്‍ തന്നെ താറടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് മനുതോമസിന്റെ മറുപടി.

മനുതോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീ പി ജയരാജന്‍, താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് താങ്കള്‍. ഓര്‍മ്മയുണ്ടാകുമല്ലോ പലതും. താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്. താങ്കള്‍ 'സ്വന്തം' ഫാന്‍സുകാര്‍ക്ക് വേണ്ട കണ്ടന്റ് പാര്‍ട്ടിയുടേത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട് എന്തായാലും നമുക്കൊരു സംവാദം തുടങ്ങാം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമ്മുക്ക് പറയാം. ഈയടുത്ത് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതടക്കം എല്ലാം ജനങ്ങള്‍ അറിയട്ടെ. പാര്‍ട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല. താങ്കള്‍ക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞോ....'പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ടം സ്വാഗതം....'(ആര്‍മിക്കാര്‍ക്ക് കമന്റ് ബോക്‌സ് തുറന്നു കൊടുത്തിട്ടില്ല. സംവാദത്തിന് ഫാന്‍സുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയംകളയണ്ട)

Next Story

RELATED STORIES

Share it