Sub Lead

മരട് ഫ്‌ലാറ്റ്: വി എസിന്റെ ഉത്തരവാദിത്വം ഉപദേശം കൊണ്ടുതീരില്ല- എസ്ഡിപിഐ

സര്‍ക്കാര്‍ തീരുമാനത്തില്‍ വി എസ് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഉപദേശം കൊണ്ടു തീരുന്നതല്ല ആ ബാധ്യത.

മരട് ഫ്‌ലാറ്റ്: വി എസിന്റെ ഉത്തരവാദിത്വം ഉപദേശം കൊണ്ടുതീരില്ല- എസ്ഡിപിഐ
X

തിരുവനന്തപുരം: മരട് ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫേസ് ബുക്കിലൂടെ സര്‍ക്കാരിനെ ഉപദേശിക്കുന്ന വി എസ് അച്യുതാനന്ദന്‍ കേവലം ഉപദേശകനായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. സര്‍ക്കാര്‍ തീരുമാനത്തില്‍ വി എസ് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഉപദേശം കൊണ്ടു തീരുന്നതല്ല ആ ബാധ്യത.

മരട് ഫ്‌ലാറ്റ് സംബന്ധിച്ച വിഷയം ആരംഭിക്കുന്ന 2006 മുതല്‍ 2011 വരെ സംസ്ഥാനം ഭരിച്ചിരുന്നത് വി എസിന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരായിരുന്നെന്ന കാര്യം വിസ്മരിക്കരുത്. തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മാണത്തിന് അനുമതി നല്‍കുമ്പോള്‍ മരട് പഞ്ചായത്ത് ഭരിച്ചിരുന്നതും ഇടതുപക്ഷമായിരുന്നു. അതുപോലെ തന്നെ സംസ്ഥാനത്ത് പുനരധിവാസം ഉറപ്പാക്കേണ്ടവരുടെ നീണ്ട പട്ടിക വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും അവര്‍ക്കുവേണ്ടി ഒരു ചെറുവിരലനക്കാന്‍ വി എസ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിട്ടില്ല. വികസനത്തിന്റെ പേരിലും മറ്റും കുടിയിറക്കപ്പെട്ട് വര്‍ഷങ്ങളോളം കിടപ്പാടം പോലുമില്ലാതെ അലയുന്ന നിരവധിയാളുകളുണ്ട് അക്കൂട്ടത്തില്‍. കുടിയിറക്കപ്പെട്ട പലരും സെക്രട്ടറിയേറ്റിനു മുമ്പില്‍ പോലും കുടില്‍ കെട്ടി സമരം ചെയ്തിട്ടും നീതി കിട്ടിയിട്ടില്ല.

മരട് ഫ്‌ലാറ്റ് ഉടമകള്‍ക്ക് താമസം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന താല്‍പ്പര്യം പുനരധിവാസം ആവശ്യമായ എല്ലാവരോടും ഉണ്ടാവണം. 2018ലെ പ്രളയത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നല്‍കേണ്ട നാമമാത്രമായ നഷ്ടപരിഹാരം പോലും നാളിതുവരെ നല്‍കാത്തതിനാല്‍ ഹൈക്കോടതിയുടെ അന്ത്യശാസനം ഏറ്റുവാങ്ങിയിരിക്കുയാണ് പിണറായി സര്‍ക്കാര്‍. സാധാരണ പുനരധിവാസങ്ങളില്‍ കാണിക്കാത്ത അമിതാവേശം മരട് ഫഌറ്റ് ഉടമകളുടെ വിഷയത്തില്‍ മാത്രം കാണിക്കുന്നതിന്റെ കാരണം ഇടതുസര്‍ക്കാര്‍ പൊതുസമൂഹത്തോട് വിശദീകരിക്കാന്‍ ബാധ്യസ്ഥതയുണ്ടെന്നും പി അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it