Sub Lead

കണ്ണൂര്‍-മയ്യില്‍ റൂട്ടിലെ മിന്നല്‍ ബസ് പണിമുടക്ക് പിന്‍വലിച്ചു

കണ്ണൂര്‍-മയ്യില്‍ റൂട്ടിലെ മിന്നല്‍ ബസ് പണിമുടക്ക് പിന്‍വലിച്ചു
X
കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് നാറാത്ത് ടൗണില്‍ ബസ്സുകള്‍ തടഞ്ഞ് സര്‍വ്വീസുകള്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പുതിയതെരു-കമ്പില്‍-മയ്യില്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. മയ്യില്‍ സി ഐ പിപി സുമേഷിന്റെ നേതൃത്വത്തില്‍ ബസ്സുടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ബസ്സ് പണിമുടക്ക് പിന്‍വലിക്കുന്നതായും രണ്ടു ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ശന സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബസ്സ് ജീവനക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ചര്‍ച്ചയില്‍ കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍, എ ബാലകൃഷ്ണന്‍, രാജീവന്‍, സി എച്ച് ലക്ഷ്മണന്‍, നാറാത്ത് പഞ്ചായത്ത് മെമ്പര്‍, ബസ്സ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇന്ന് രാവിലെ നാറാത്ത് ടൗണില്‍ ബസ്സുകള്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു. ഇന്ന് രാവിലെ 8.15 ഓടെയാണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞത്. നാലോളം ബസ്സുകളും നിരവധി വാഹനങ്ങളും നടുറോഡില്‍ നിര്‍ത്തിയിട്ടതോടെ ഗതാഗതം സ്തംഭിച്ചു. ബസ്സുകാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ഒടുവില്‍ മയ്യില്‍ പോലിസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പ്രതിഷേധസൂചകമായി ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു. മിന്നല്‍പ്പണിമുടക്ക് യാത്രക്കാരെ ഏറെ വലച്ചു. ജോലിക്കും ഓഫിസിലേക്കും മറ്റും പോവേണ്ടിയിരുന്ന യാത്രക്കാര്‍ പണിമുടക്കില്‍ വലഞ്ഞിരുന്നു.
Next Story

RELATED STORIES

Share it