Sub Lead

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി; സര്‍ക്കാരിന്റേത് കുറ്റകരമായ നിസ്സംഗത: മുസ്‌ലിം ലീഗ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി; സര്‍ക്കാരിന്റേത് കുറ്റകരമായ നിസ്സംഗത: മുസ്‌ലിം ലീഗ്
X

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധിയ്ക്കുശേഷം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് മുടങ്ങിക്കിടക്കുകയാണെന്നും കേരളത്തില്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ നിസംഗതയാണെന്നും മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ പി എ മജീദ് എംഎല്‍എ, അഡ്വ. പി എം എ സലാം എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ചര്‍ച്ചകള്‍, വിദഗ്ധസമിതി, നിയമോപദേശം തുടങ്ങിയ മുഖ്യമന്ത്രിയുടെ സ്വയം പ്രഖ്യാപിത നയങ്ങള്‍ കാര്യങ്ങളെ വൈകിപ്പിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതിന് മാത്രമേ ഉദകുകയുള്ളൂ. സര്‍വകക്ഷി യോഗത്തില്‍ മുസ്‌ലിംലീഗ് കൃത്യമായും ആവശ്യപ്പെട്ടിരുന്നത് നൂറുശതമാനവും മുസ്‌ലിംവിദ്യാര്‍ഥികള്‍ക്ക് മാത്രം അര്‍ഹമായ പദ്ധതികള്‍ അങ്ങനെ തന്നെ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്ന് തന്നെയാണ്. സച്ചാര്‍ ശുപാര്‍ശപ്രകാരമുള്ള സ്‌കീമുകള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ പ്രശ്‌നത്തെ സങ്കീര്‍ണമാക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്.

സച്ചാര്‍ കമ്മിറ്റി തന്നെ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചിരിക്കവെ പാലോളി കമ്മീഷനെന്ന മറ്റൊരു കമ്മിറ്റിയുണ്ടാക്കിയത് ആദ്യത്തെ വഞ്ചനയാണ്. 80:20 അനുപാതം കൊണ്ടുവന്നത് കാര്യങ്ങളെ കൂടുതല്‍ വശളാക്കി. മുസ്‌ലിം ന്യൂനപക്ഷത്തിന് കിട്ടിക്കൊണ്ടിരുന്ന ആനൂകൂല്യം പേരുമാറ്റിയെന്നു മാത്രമല്ല, സര്‍ച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് പ്രകാരം നടപ്പാക്കേണ്ട പദ്ധതി ന്യൂനപക്ഷത്തിന്റേതാണെന്ന് വരുത്തിത്തീര്‍ത്തു. ഈ അപരാധങ്ങളാണ് കോടതി വിധിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൊതുവെ പദ്ധതികള്‍ കൊണ്ടു വരുന്നതിന് മുസ്‌ലിംലീഗ് എതിരല്ല. അത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് എടുത്തുമാറ്റി കൊണ്ടാവരുത്. മുസ്‌ലിംലീഗ് എന്നും മതസൗഹാര്‍ദ്ദം നിലര്‍ത്താന്‍ ശ്രമിച്ച പ്രസ്ഥാനമാണ്. അതിന്റെ സംരക്ഷണത്തിന് വേണ്ടി വിലപ്പെട്ട സംഭാവനയാണ് പാര്‍ട്ടി ചെയ്തിട്ടുള്ളതെന്നും നേതാക്കളല്‍ കൂട്ടിചേര്‍ത്തു. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പൊതുവായി ആനുകൂല്യം നല്‍കുമ്പോള്‍ അത് ജനസംഖ്യാനുപാതികമായി നല്‍കാവുന്നതാണ്. ഇക്കാര്യങ്ങളെല്ലാം വിശദമായി മുസ്‌ലിം ലീഗ് യോഗത്തില്‍ ഉന്നയിച്ചിരുന്നു.

സര്‍ക്കാര്‍ അവരുടേതായ ഒരു നിര്‍ദേശവും മുന്നോട്ടുവെക്കാതെ മൗനം പാലിക്കുകയായിരുന്നു. സര്‍ക്കാര്‍ ഈ നിലപാട് ഉടനെ തിരുത്തണമെന്നും മുസ്‌ലിം നൂന്യനപക്ഷത്തിനുള്ള പദ്ധതികള്‍ തകിടം മറിച്ചതിനെ തുടര്‍ന്നുണ്ടായ വേദനാജനകമായ സാരചര്യങ്ങളില്‍ ചര്‍ച്ച ചെയ്ത പരിഹാരമുണ്ടാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെല്ലാം സച്ചാര്‍ കമ്മിറ്റി നിര്‍ദേശം നടപ്പാക്കിയിരുന്നു. അത് പ്രകാരം ആനുകൂല്യ വിതരണം നടക്കുന്നുമുണ്ട്. കേരളത്തില്‍ മാത്രം ഇത് മുടങ്ങുന്നത് അതീവ ഗുരുതരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 80: 20 അനുപാതം റദ്ധാക്കിയത് സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

കോടതി വിധിയോടെ സംസ്ഥാനത്ത് ആനുകൂല്യവിതരണം പൂര്‍ണമായും നിശ്ചലമായി. മുഖ്യമന്ത്രി പറയുന്ന സമിതിയുടെ ആവശ്യം തന്നെയില്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥ സച്ചാര്‍ കമ്മിറ്റി പഠിച്ചതാണ്. പാലൊളി കമ്മിറ്റി കേരളത്തിലെ സ്ഥിതിയും പഠിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാക്ക ക്ഷേമ പദ്ധതി റദ്ദാക്കുന്നത് മുസ്‌ലിം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമുന്നേറ്റത്തെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസ് വളരെ ഗൗരവമേറിയ വിഷയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി കേരളത്തില്‍ കോടിക്കണക്കിന് രൂപ ഒഴുക്കിയെന്നതിന് തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ അന്വേഷണം ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന നേതാക്കളിലേക്കാണ് ചെന്നെത്തുന്നത്. ജനാധിപത്യത്തെ പണം കൊടുത്തു വാങ്ങുന്ന നടപടിയാണ് ബി.ജെ,പി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ഫംഗസ് രോഗം രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യമാണുള്ളതെന്നും എന്നാല്‍ ഇതിന്റെ മരുന്ന് ലഭ്യമല്ലെന്നത് അതിഭയാനകമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കേരളത്തില്‍ മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് സന്ദേശം അയച്ചിട്ടുണ്ട്. കേരളസര്‍ക്കാരും ഇതിന് മുന്‍കൈയെടുക്കണമെന്നും ഇ ടി പറഞ്ഞു.

Next Story

RELATED STORIES

Share it