Sub Lead

മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

എന്താണീ മാതൃകാ പെരുമാറ്റച്ചട്ടം? രാഷ്ട്രീയക്കാര്‍ ഇത് ലംഘിക്കുന്നത് പതിവാണോ? പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ എന്ത് സംഭവിക്കും?

മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
X

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കാന്‍ പോവുകയാണ്. തിയ്യതി പ്രഖ്യാപിക്കുന്നതോട് കൂടി മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വരും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ നോട്ടീസ് അയച്ചിരുന്നു. ഗാന്ധി നഗര്‍ പോളിങ് ബുത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ രാഷ്ട്രീയം പറഞ്ഞു, തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടി എന്നിവയായിരുന്നു ആരോപണങ്ങള്‍.

എന്താണീ മാതൃകാ പെരുമാറ്റച്ചട്ടം? രാഷ്ട്രീയക്കാര്‍ ഇത് ലംഘിക്കുന്നത് പതിവാണോ? പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ എന്ത് സംഭവിക്കും?

1. എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം?

സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം(എംസിസി). തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്ന സമയം മുതല്‍ ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് ഇത് നിലനില്‍ക്കുക.

2. എംസിസിയിലെ പ്രധാന വകുപ്പുകള്‍?

എംസിസി പ്രധാനമായും എട്ട് വിഭാഗങ്ങളിലാണ്. പൊതു ചട്ടം, യോഗങ്ങള്‍, ഘോഷയാത്രകള്‍, പോളിങ് ദിനം, പോളിങ് ബൂത്തുകള്‍, നിരീക്ഷകര്‍, അധികാരത്തിലിരിക്കുന്ന പാര്‍ട്ടി, തിരഞ്ഞെടുപ്പ് പ്രകടനപത്രിക. ഓരോ വിഭാഗങ്ങളിലും പ്രധാന നിര്‍ദേശങ്ങള്‍:

- പൊതു ചട്ടം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മറ്റു സ്ഥാനാര്‍ഥികളെ നയങ്ങളുടെയും പദ്ധതികളുടെയും പ്രവര്‍ത്തന ചരിത്രത്തിന്റെയും പശ്ചാത്തലത്തില്‍ വിമര്‍ശിക്കാം. എന്നാല്‍, ജാതി, വര്‍ഗീയ വികാരങ്ങള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാനായി ഉപയോഗിക്കരുത്. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുടെ പേരില്‍ സ്ഥാനാര്‍ഥികളെ വിമര്‍ശിക്കാന്‍ പാടില്ല.

-യോഗങ്ങള്‍: റാലികളും പൊതുയോഗങ്ങളും നടക്കുന്നത് ലോക്കല്‍ പോലിസിനെ മുന്‍കൂട്ടി അറിയിച്ച് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തണം.

-ഘോഷയാത്രകള്‍: എതിര്‍ സ്ഥാനാര്‍ഥികളുടെ കോലം കൊണ്ടു നടക്കുന്നതും കത്തിക്കുന്നതും അനുവദനീയമല്ല. രണ്ട് പാര്‍ട്ടികള്‍ ഒരേ മേഖലയില്‍ റോഡ് ഷോ നിശ്ചയിച്ചാല്‍ ഒരേ റൂട്ടില്‍ സഞ്ചരിക്കാന്‍ പാടില്ല.

-പോളിങ് ദിനം: പോളിങ് ദിനത്തില്‍ വിവിധ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടിയുടെ ചിഹ്നവും പേരും ഉള്ള ബാഡ്ജ് ധരിച്ചിരിക്കണം

-പോളിങ് ബൂത്ത്: വോട്ടര്‍മാരെ കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി പത്രമുള്ളവര്‍ മാത്രമേ പോളിങ് ബൂത്തില്‍ പ്രവേശിക്കാവൂ. പോളിങ് ദിനത്തില്‍ പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ വോട്ട് പിടിത്തം പാടില്ല.

-നിരീക്ഷകര്‍: സ്ഥാനാര്‍ഥികള്‍ക്ക് ചട്ടങ്ങള്‍ സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച നിരീക്ഷകരെ സമീപിക്കാവുന്നതാണ്.

3. ഭരണ കക്ഷികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെ?

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇതു ബാധകമാണ്.

- നികുതിപ്പണം ഉപയോഗിച്ചോ ഔദ്യോഗിക മാധ്യമങ്ങള്‍ ഉപയോഗിച്ചോ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച് പരസ്യം ചെയ്യാന്‍ പാടില്ല

-ഔദ്യോഗിക സന്ദര്‍ശന വേളകളോ ഔദ്യോഗിക സംവിധാനങ്ങളോ പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

-മന്ത്രിമാരോ അധികൃതരോ ജനങ്ങള്‍ക്ക് എന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങളോ പദ്ധതികളോ പ്രഖ്യാപിക്കാന്‍ പാടില്ല.

-പൊതു സ്ഥലങ്ങള്‍ മറ്റു പാര്‍ട്ടികള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കണം

4. പ്രധാനമന്ത്രി മോദി മുതല്‍ രാഹുല്‍ ഗാന്ധി വരെ: കുപ്രസിദ്ധമായ ചില നിയമ ലംഘനങ്ങള്‍

2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയിലും മോദി 2014ലെ മണ്ടത്തരം ആവര്‍ത്തിച്ചു. വോട്ട് ചെയ്ത് മഷി പുരണ്ട വിരല്‍ ഉയര്‍ത്തി അദ്ദേഹം ബൂത്തിന് പുറത്തുണ്ടായിരുന്ന ജനങ്ങളുടെ നേരെ കൈവീശി. ഇതിനെതിരേ ഉയര്‍ന്ന പരാതിയില്‍ മറ്റൊരു എഫ്‌ഐആര്‍ കൂടി മോദിക്കെതിരേ ഫയല്‍ ചെയ്തു.

അതേ തിരഞ്ഞെടുപ്പില്‍, അവസാന ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരേയും കേസെടുത്തു.

2017ലെ കൈക്കൂലി പരാമര്‍ശത്തിന്റെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിനെതിരേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചാട്ടവാറുയര്‍ത്തി. ആവര്‍ത്തിച്ചാല്‍ എഎപിയുടെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അന്നത്തെ അസം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ്, ബിജെപി നേതാവ് അമിത് ഷാ തുടങ്ങിയവരും പെരുമാറ്റച്ചട്ട ലംഘനനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പഴി കേട്ടിരുന്നു.

5. പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ എന്ത് സംഭവിക്കും

ചട്ടം ലംഘിച്ചാല്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയാണ് പ്രാഥമിക നടപടി. സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ ഇതിന് രേഖാമൂലം മറുപടി നല്‍കണം. ഇതിനുള്ള ശിക്ഷ മിക്കവാറും കുറ്റം ആവര്‍ത്തിക്കരുതെന്നുള്ള രേഖാമൂലമുള്ള ശാസനയില്‍ ഒതുങ്ങുകയാണ് പതിവ്.

6. നിയമപരമായ പിന്തുണയുണ്ടോ?

മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ മാത്രമാണ്. ഇതിലെ ചട്ടങ്ങള്‍ പ്രകാരം കേസ് ഫയല്‍ ചെയ്യാനാവില്ല. അതേ സമയം, ഏതെങ്കിലും സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ ഗുരുതരമായ രീതിയില്‍ ചട്ടലംഘനം നടത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബന്ധപ്പെട്ട ഐപിസി, അല്ലെങ്കില്‍ ആദായ നികുതി ചട്ടപ്രകാരം കേസ് ഫയല്‍ ചെയ്യാവുന്നതാണ്.

ഉദാഹരണത്തിന് ഒരു സ്ഥാനാര്‍ഥി വര്‍ഗീയത ഇളക്കിവിടുന്ന രീതിയില്‍ പ്രചരണം നടത്തിയാല്‍ ഐപിസി, സിആര്‍പിസി വകുപ്പുകള്‍ പ്രകാരം പരാതി നല്‍കാവുന്നതാണ്.

(കടപ്പാട്: ദി ക്വിന്റ്)

Next Story

RELATED STORIES

Share it