Sub Lead

മലവെള്ളപ്പാച്ചില്‍; കോഴിക്കോടും ഇടുക്കിയിലും രണ്ട് സ്ത്രീകള്‍ മരിച്ചു

മലവെള്ളപ്പാച്ചില്‍; കോഴിക്കോടും ഇടുക്കിയിലും രണ്ട് സ്ത്രീകള്‍ മരിച്ചു
X

കോഴിക്കോട്: സംസ്ഥാനത്ത് മലവെള്ളപ്പാച്ചിലില്‍ രണ്ട് മരണം. കോഴിക്കോട് തോട്ടില്‍ തുണി അലക്കുകയായിരുന്ന പുതുപ്പാടി അടിവാരം പൊട്ടിക്കൈയില്‍ സ്വദേശി സജ്നയാണ് മരിച്ചത്. തോട്ടില്‍ തുണി അലക്കുന്നതിനിടെ അതിവേഗത്തിലെത്തിയ മലവെള്ളപ്പാച്ചിലാണ് സജ്നയുടെ ജീവന്‍ കവര്‍ന്നത്. ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് മീറ്റര്‍ അകലെയുള്ള കൈതപ്പൊയി രണ്ടാംകൈ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അലക്കുന്നതിനിടെ അതിശക്തമായി മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഭര്‍ത്താവ് ദിവാകരനും ഒഴുക്കില്‍പ്പെട്ടെങ്കിലും നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

വൈകുന്നേരം 6.30ഓടെയാണ് ഓമനയും ഭര്‍ത്താവ് ദിവാകരനും പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോയത്. വഴിയിലുള്ള നീര്‍ച്ചാല്‍ കടക്കുന്നതിനിടെ പാഞ്ഞെത്തിയ മലവെള്ളത്തില്‍ ഓമന ഒലിച്ചുപോകുകയായിരുന്നു.






Next Story

RELATED STORIES

Share it