Sub Lead

മുല്ലപ്പെരിയാര്‍: എസ്ഡിപിഐ സമര പ്രഖ്യാപന സമ്മേളനം നടത്തി

എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ഗാന്ധി സ്‌ക്വയറില്‍ നടന്ന സമരപ്രഖ്യാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു

മുല്ലപ്പെരിയാര്‍: എസ്ഡിപിഐ സമര പ്രഖ്യാപന സമ്മേളനം  നടത്തി
X

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ആലുവ ഗാന്ധി സ്‌ക്വയറില്‍ സമരപ്രഖ്യാപന സമ്മേളനം നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ മലയാളികളെ കബളിപ്പിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ആരോപിച്ചു.50 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞ് നില്‍ക്കുമ്പോഴും ഫലപ്രദമായി ഇടപെടാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുന്നത്. കേരളത്തിന്റെ ആശങ്കരേഖപ്പെടുത്തി സുപ്രീം കോടതിയില്‍ നല്ലൊരു കേസ് ഫയല്‍ ചെയ്യാന്‍ പോലും കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ 'മുല്ലപെരിയാര്‍ നയം' രൂപീകരിക്കാന്‍ തയ്യാറാകണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മിഷന്‍ ചെയ്യുന്നതിന് തീയതി തീരുമാനിക്കുകയും പുതിയ ഡാം നിര്‍മ്മിക്കുകയും ചെയ്യുന്നതുവരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു.ഐക്യ കേരളത്തിന്റെ ഏറ്റവും പ്രധാന പ്രശ്‌നമായി മുല്ലപ്പെരിയാര്‍ വിഷയം മാറിയ സാഹചര്യത്തിലാണ് കേരള പിറവി ദിനത്തില്‍ മുല്ലപെരിയാര്‍ സമര പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുത്തത്.

സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹിക സംഘടനകളെയും ജനങ്ങളെയും അണിനിരത്തി മുല്ലപ്പെരിയാര്‍ സമര സമിതിക്ക് രൂപം നല്‍കുമെന്ന് വി കെ ഷൗക്കത്ത് അലി അറിയിച്ചു.എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി സമര പ്രഖ്യാപനം നടത്തി. സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍,ജില്ലാ സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് സ്വാഗതവും ആലുവ മണ്ഡലം പ്രസിഡന്റ്് എന്‍ കെ നൗഷാദ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍പില്‍ നിന്ന് ഗാന്ധി സ്‌ക്വയറിലേക്ക് പ്രകടനവും ഉണ്ടായിരുന്നു.നിരവധി പേര്‍ പങ്കെടുത്ത സമരത്തിന് എസ്ഡിപിഐ ജില്ലാ നേതാക്കളായ നിമ്മി നൗഷാദ്,അജ്മല്‍ കെ മുജീബ്,ബാബു വേങ്ങൂര്‍,കെ എ മുഹമ്മദ് ഷെമീര്‍,നാസര്‍ എളമന, ഫസല്‍ റഹ്മാന്‍,റഷീദ് എടയപ്പുറം,സുധീര്‍ എലൂക്കര,നിഷ ടീച്ചര്‍ ,ഷാനവാസ് പുതുക്കാട്,സനൂപ് പട്ടിമറ്റം ഷാജഹാന്‍ തടിക്കകടവ്,ശിഹാബ് വല്ലം,നൗഷാദ് കൊച്ചി ,നിയാസ് മുഹമ്മദാലി ,റഷീദ് തൃക്കാക്കര നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it