Sub Lead

മുസ് ലിംകളെ കള്ളക്കേസില്‍ കുടുക്കാന്‍ വീടുകളില്‍ 'പിഎഫ്‌ഐ സിന്ദാബാദ്' എന്നെഴുതിവച്ചു; അറസ്റ്റിലായത് 'പരാതി'ക്കാരന്‍

മുസ് ലിംകളെ കള്ളക്കേസില്‍ കുടുക്കാന്‍ വീടുകളില്‍ പിഎഫ്‌ഐ സിന്ദാബാദ് എന്നെഴുതിവച്ചു; അറസ്റ്റിലായത് പരാതിക്കാരന്‍
X

മുംബൈ: അയല്‍വാസികളായ മുസ് ലിംകളെ കള്ളക്കേസില്‍ കുടുക്കാന്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നില്‍ 'പിഎഫ്‌ഐ സിന്ദാബാദ്', '786' എന്നിങ്ങനെ എഴുതിവച്ച സംഭവത്തില്‍ ഒടുവില്‍ പിടിയിലായത് 'പരാതി'ക്കാരന്‍. ന്യൂ പന്‍വേലിലെ ഹൗസിങ് സൊസൈറ്റിയില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് അനുകൂലമായി മുദ്രാവാക്യം എഴുതിയ പോസ്റ്ററുകള്‍ പതിച്ച സംഭവത്തിലാണ് ഹൗസിങ് സൊസൈറ്റി സെക്രട്ടറിയായ ഏകനാഥ് കേവാലെ എന്ന 68കാരനെ നവി മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. ഹൗസിങ് സൊസൈറ്റിയിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികളായ മുസ് ലിംകളെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ പച്ച സ്‌കെച്ച് പേനകള്‍ ഉപയോഗിച്ച് പിഎഫ് ഐ സിന്ദാബാദ് എന്നും 786 എന്നും എഴുതിയ പോസ്റ്റര്‍ പതിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 24 നാണ് നവി മുംബൈയിലെ ഖണ്ഡേശ്വര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നീല്‍ അംഗന്‍ ഹൗസിങ് സൊസൈറ്റിയിലെ ഏതാനും വീടുകള്‍ക്ക് പുറത്ത് സ്റ്റിക്കറുകള്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. ചില വീടുകള്‍ക്ക് പുറത്ത് പടക്കങ്ങളും വടികളും ഉണ്ടായിരുന്നു. ഇരു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതിക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഖണ്ഡേശ്വര്‍ പോലിസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന കുറ്റം ചുമത്തി സെക്ഷന്‍ 153 (എ) പ്രകാരം കേസെടുത്തു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സൊസൈറ്റിയുടെ സെക്രട്ടറി ഏകനാഥ് കേവാലെ കെട്ടിടത്തിന്റെ ടെറസിലേക്ക് ഇടയ്ക്കിടെ പോവുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വിശദപരിശോധനയില്‍ ടെറസിലെ വാട്ടര്‍ ടാങ്കില്‍ 'പിഎഫ്‌ഐ സിന്ദാബാദ്' എന്നെഴുതിയ പോസ്റ്റര്‍ കണ്ടെത്തി. ഇതിനിടെ, കേസന്വേഷണത്തെക്കുറിച്ച് അറിയാന്‍ ഇയാള്‍ പതിവായി പോലിസ് സ്‌റ്റേഷനിലുമെത്താറുണ്ടായിരുന്നു. ഹൗസിങ് സൊസൈറ്റിയിലെ രണ്ട് മുസ്‌ലിം കുടുംബങ്ങളെ സംശയമുണ്ടെന്നായിരുന്നു ഇയാള്‍ പോലിസിനോട് പറഞ്ഞത്. ഇതോടെ സംശയം തോന്നിയ പോലിസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഏകനാഥ് കെവാലെയാണ് പോസ്റ്റര്‍ പതിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഹൗസിങ് സൊസൈറ്റി ഭാരവാഹികളും ചില താമസക്കാരും തമ്മിലുള്ള തര്‍ക്കത്തിന് പ്രതികാരം ചെയ്യാനാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ജൂണ്‍ 23ന് പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ പതിച്ചത്. കുറ്റസമ്മതത്തെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Next Story

RELATED STORIES

Share it