Sub Lead

സൂറത്ത്കല്‍ ഫാസില്‍ കൊലപാതകം: വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന വീട്ടില്‍ നടത്തണമെന്ന് പോലിസ്

സൂറത്ത്കല്‍ ഫാസില്‍ കൊലപാതകം: വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന വീട്ടില്‍ നടത്തണമെന്ന് പോലിസ്
X

മംഗളൂരു: വ്യാഴാഴ്ച രാത്രി സൂറത്കലില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നഗരത്തിലെ എല്ലാ മുസ്‌ലിംകളോടും വെള്ളിയാഴ്ച പ്രാര്‍ത്ഥന വീട്ടില്‍ തന്നെ നടത്തണമെന്ന് മംഗളൂരു പോലിസ് അഭ്യര്‍ത്ഥിച്ചു. ദക്ഷിണ കന്നഡയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതേതുടര്‍ന്ന് പനമ്പൂര്‍, ബജ്‌പെ, മുല്‍കി, സൂറത്ത്കല്‍ എന്നീ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച ബെല്ലാരയില്‍ ബന്ധു വീട്ടിലെത്തിയ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി മസൂദിനെ ഒരു സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ഈ സംഭവത്തോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

പിന്നാലെ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നു. സംഭവത്തില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ആറ് പ്രത്യേക പോലിസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. പ്രവീണിന്റെ വീട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശിച്ചു. പ്രവീണിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സര്‍ക്കാര്‍ സഹായവും കൈമാറി. ഇതുകൂടാതെ വിദ്യാഭ്യാസ മന്ത്രി 10 ലക്ഷവും ബിജെപി 10 ലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കൊല്ലപ്പെട്ട മുസ് ലിം യുവാക്കളുടെ വീട് സന്ദര്‍ശിക്കാനോ സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. പ്രവീണിന്റെ കൊലപാതകം കഴിഞ്ഞ കനത്ത പോലിസ് നിരീക്ഷണം നില നില്‍ക്കുന്നതിനിടേയാണ് മൂന്നാമത്തെ കൊലപാതകം നടന്നത്.

ഇതേത്തുടര്‍ന്നാണ് മുസ് ലിംകളോട് വെള്ളിയാഴ്ച പ്രാര്‍ത്ഥന വീട്ടില്‍ നടത്താന്‍ പോലിസ് ആവശ്യപ്പെട്ടത്. 'എല്ലാ പ്രദേശത്തെയും ക്രമസമാധാനം പാലിക്കുന്നത് കണക്കിലെടുത്ത് എല്ലാ മുസ്‌ലിം നേതാക്കളോടും അവരുടെ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു,' മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ശനിയാഴ്ച വരെ സൂറത്ത്കലിന്റെ പരിസര പ്രദേശങ്ങളിലെ നാല് പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. 'മംഗളൂരു സിറ്റി കമ്മീഷണറേറ്റിന് കീഴിലുള്ള പ്രധാന പ്രദേശങ്ങളിലെ സാഹചര്യം കണക്കിലെടുത്ത്, ഞങ്ങള്‍ സെക്ഷന്‍ 144 പ്രകാരം നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,' കുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവിട്ടു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ചു നില്‍ക്കുന്നതിനും വിലക്കുണ്ട്. അര്‍ഹമായ നീതി 'വേഗത്തിലും ന്യായമായും' നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

അഞ്ച് പേരടങ്ങുന്ന സംഘം കാറില്‍ വന്ന് തുണിക്കടയ്ക്ക് പുറത്ത് നില്‍ക്കുകയായിരുന്ന ഫാസിലിന്റെ നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മാരകായുധങ്ങളുമായി അക്രമികള്‍ പിന്തുടരുകയും ക്രൂരമായി വെട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it