Sub Lead

മുസഫര്‍ നഗര്‍ കലാപക്കേസ്: ബിജെപി എംഎല്‍എയ്‌ക്കെതിരായ കേസ് അവസാനിപ്പിച്ചു

കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് പോലിസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) സമര്‍പ്പിച്ച ക്ലോസര്‍ റിപ്പോര്‍ട്ട് മുസാഫര്‍നഗറിലെ പ്രത്യേക കോടതി അംഗീകരിച്ചു.

മുസഫര്‍ നഗര്‍ കലാപക്കേസ്: ബിജെപി എംഎല്‍എയ്‌ക്കെതിരായ കേസ് അവസാനിപ്പിച്ചു
X

മുസഫര്‍ നഗര്‍: 2013ല്‍ മുസഫര്‍ നഗറില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വര്‍ഗീയ കലാപത്തിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ വീഡിയോ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ സംഗീത് സോമിനെതിരായ കേസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് പോലിസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) സമര്‍പ്പിച്ച ക്ലോസര്‍ റിപ്പോര്‍ട്ട് മുസാഫര്‍നഗറിലെ പ്രത്യേക കോടതി അംഗീകരിച്ചു.

കേസിലെ പരാതിക്കാരനായ ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ മരിച്ചെന്നും കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപോര്‍ട്ടിനെതിരേ എതിര്‍പ്പ് ഫയല്‍ ചെയ്തിട്ടില്ലെന്നും എസ്‌ഐടിയുടെ അവസാന റിപ്പോര്‍ട്ട് സ്വീകരിച്ച് പ്രത്യേക ജഡ്ജി രാം സുധ് സിംഗ് പറഞ്ഞു.

2018ല്‍ ബുലന്ദ്ഷഹറില്‍ അനധികൃത പശുകശാപ്പ് ആരോപിച്ച് ആക്രമാസക്തമായ ഹിന്ദുത്വ സംഘം ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാറിനെ വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയയായിരുന്നു. സര്‍ദാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സംഗീത് സോമിനെതിരേ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടി കോടതിയില്‍ ക്ലോസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

അന്വേഷണത്തിനിടെ, വര്‍ഗീയകലാപത്തിലേക്ക് നയിച്ച വീഡിയോ അപ്‌ലോഡ് ചെയ്ത വ്യക്തിയുടെ വിവരങ്ങള്‍ തേടി സിബിഐ മുഖാന്തിരം യുഎസിലെ ഫേസ്ബുക്ക് ആസ്ഥാനത്തെ സമീപിച്ചെങ്കിലും ഇതില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ നല്‍കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടത്.

Next Story

RELATED STORIES

Share it