Sub Lead

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് മോദി

മുംബൈ ആക്രമണത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്കു ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം മൂലമാണെന്നു പറഞ്ഞ പ്രജ്ഞാസിങ് പരാമര്‍ശം വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് മോദി
X

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞാ സിങ് താക്കൂറിനെ ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതിനെ ന്യായീകരിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി രംഗത്ത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തിലിറങ്ങിയാണ് മല്‍സരിക്കുന്നതെന്നും അതേക്കുറിച്ച് ആരും ഒന്നും മിണ്ടാത്തത് എന്താണെന്നും മോദി ചോദിച്ചു. ജാമ്യത്തിലിറങ്ങി നടക്കുന്ന അമേത്തിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ഥിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ലേ. ജാമ്യത്തിലിറങ്ങി ഭോപാലില്‍ നിന്നു മല്‍സരിക്കാന്‍ തീരുമാനിച്ച ബിജെപി സ്ഥാനാര്‍ഥിക്കെതിരേ വന്‍തോതില്‍ വിമര്‍ശിക്കുകയാണ്. ഒരു സ്ത്രീ, ഒരു സന്ന്യാസിനി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആരും ഒരു വിരല്‍പോലും അനക്കിയില്ലെന്നും മോദി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തെ പരസ്യമായി ന്യായീകരിച്ച രാജീവ് ഗാന്ധി പിന്നീട് പ്രധാനമന്ത്രിയായി. സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുള്ള കമല്‍നാഥ് ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയാണെന്നും മോദി പറഞ്ഞു. ആറുപേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിങിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനുള്ള ബിജെപി തീരുമാനത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ ദിവസം പരാതിയും നല്‍കിയിരുന്നു. അതിനിടെ, മുംബൈ ആക്രമണത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്കു ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം മൂലമാണെന്നു പറഞ്ഞ പ്രജ്ഞാസിങ് പരാമര്‍ശം വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it