Sub Lead

നവകേരളാ സദസ്സ്; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, അഴീക്കോട്ട് യൂത്ത് ലീഗുകാര്‍ അറസ്റ്റില്‍

നവകേരളാ സദസ്സ്; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, അഴീക്കോട്ട് യൂത്ത് ലീഗുകാര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിന്റെ വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ചിനു നേരെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഡിസിസി ഓഫിസിനു മുന്നിലെ റോഡിലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഡിസിസി ഓഫിസിനു 50 വാര അകലെ ബാരിക്കേഡ് സ്ഥാപിച്ചാണ് പോലിസ് പ്രതിരോധം തീര്‍ത്തത്. നവകേരള സദസ്സ് നടക്കുന്ന കണ്ണൂര്‍ സ്‌റ്റേഡിയത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സ്‌റ്റേഡിയം കോര്‍ണറില്‍ പോലിസ് മാര്‍ച്ച് തടയുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സ്‌റ്റേഡിയം കോര്‍ണറില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ പോലിസിനു നേരെയും മുദ്രാവാക്യം വിളിച്ചു. ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചാണ് പോലിസ് നേരിട്ടത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തുനീക്കിയത്.

ഇതിനിടെ, അഴീക്കോട് മണ്ഡലം ജനസദസ്സ് നടക്കുന്ന അഴീക്കലില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് ലീഗ് നേതാക്കളായ ഷിനാജ്, സൈഫുദ്ദീന്‍ നാറാത്ത്, അഷ്‌കര്‍ കണ്ണാടിപ്പറമ്പ് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. ഇന്നലെ പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടി പ്രകടനവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ വോളന്റിയര്‍മാരായെത്തിയ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഡിവൈഎഫ് ഐ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പിന്തുണയ്ക്കുകയും ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it