Sub Lead

നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു; അമ്പതില്‍ അധികം മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ന്നു, ലബ്‌നാനിലെ പരാജയം പറയാതെ പറഞ്ഞ് ഇസ്രായേല്‍

യുദ്ധത്തില്‍ ഇസ്രായേല്‍ പരാജയപ്പെട്ടെന്നാണ് 61 ശതമാനം ജൂതന്മാരും വിശ്വസിക്കുന്നതെന്ന് ചാനല്‍ 13 നടത്തിയ സര്‍വ്വെയുടെ ഫലം പറയുന്നു.

നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു; അമ്പതില്‍ അധികം മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ന്നു, ലബ്‌നാനിലെ പരാജയം പറയാതെ പറഞ്ഞ് ഇസ്രായേല്‍
X

തെല്‍അവീവ്: ലബ്‌നാന്‍ അധിനിവേശം പരാജയമായിരുന്നുവെന്ന് പറയാതെ പറഞ്ഞ് ഇസ്രായേല്‍. ഇറാന്റെ ഭീഷണി നേരിടാനും സൈന്യത്തിന് വിശ്രമം നല്‍കാനും ആയുധശേഷി പുനസ്ഥാപിക്കാനും ഹമാസിനെ ഒറ്റപ്പെടുത്താനുമാണ് വെടിനിര്‍ത്തലെന്ന ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശമാണ് ഈ വിലയിരുത്തലിന് വഴിവച്ചിരിക്കുന്നത്. യുദ്ധം എത്രകാലം വേണമെങ്കിലും തുടരാന്‍ സന്നദ്ധമാണെന്ന ഹിസ്ബുല്ലയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കയും ഫ്രാന്‍സും ഏറെ കഷ്ടപ്പെട്ടാണ് ഇസ്രായേലിന് വേണ്ടി വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെടുത്തിയത്. ഇതിനായി അമേരിക്കന്‍ പ്രതിനിധി അമോഷ് ഹോഷെന്‍ സ്ഥിരമായി ലബ്‌നാനില്‍ കാംപും ചെയ്തിരുന്നു.

യുദ്ധത്തില്‍ ഇസ്രായേല്‍ പരാജയപ്പെട്ടെന്നാണ് 61 ശതമാനം ജൂതന്മാരും വിശ്വസിക്കുന്നതെന്ന് ചാനല്‍ 13 നടത്തിയ സര്‍വ്വെയുടെ ഫലം പറയുന്നു. ഇസ്രായേലിന്റെ വടക്കന്‍ പ്രദേശങ്ങളിലെ കുടിയേറ്റ വിഭാഗങ്ങളുടെ നേതാക്കളെല്ലാം ഇസ്രായേല്‍ യുദ്ധത്തില്‍ തോറ്റു എന്നു വിലപിക്കുകയാണ്. ലബ്‌നാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുല്ലക്ക് മുന്നില്‍ അടിയറവ് പറഞ്ഞതിന് തുല്യമാണെന്നാണ് അവര്‍ പറയുന്നത്.

എന്ത് ലക്ഷ്യങ്ങള്‍ പറഞ്ഞാണോ യുദ്ധം തുടങ്ങിയത് അതൊന്നും നേടാതെയാണ് വെടിനിര്‍ത്തലിന് ശ്രമിച്ചതെന്ന് മറ്റുലയിലെ സെറ്റില്‍മെന്റ് കൗണ്‍സില്‍ മേധാവിയായ ഡേവിഡ് അസൗലായ് പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷമായ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹിസ്ബുല്ലക്ക് കീഴടങ്ങിയതെന്ന് ഡേവിഡ് ചോദിച്ചു. വിജയിക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ യുദ്ധം കീഴടങ്ങലിലാണ് പര്യവസാനിച്ചതെന്ന്

കിര്യാത്ത് ഷ്‌മോനയുടെ മേയറായ അവിചായ് സ്‌റ്റെണ്‍ പറഞ്ഞു. വടക്കന്‍ ഇസ്രായേലിലെ കുടിയേറ്റക്കാരെ ഹിസ്ബുല്ല ബന്ദിയാക്കിയെന്നാണ് സ്റ്റെണിന്റെ വിലയിരുത്തല്‍. ലബ്‌നാന്‍ അതിര്‍ത്തിയിലെ ഫ്രണ്ട് ലൈന്‍ സെറ്റില്‍മെന്റ് ഫോറത്തിന്റെ ചെയര്‍മാനായ മോശെ ഡേവിഡോവിച്ചിനും യുദ്ധത്തില്‍ ഇസ്രായേല്‍ തോറ്റു എന്ന വിലയിരുത്തലാണുള്ളത്. കുടിയേറ്റക്കാര്‍ക്ക് യാതൊരു സഹായവും നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൂഫാനുല്‍ അഖ്‌സക്ക് പിന്നാലെ ഗസയിലെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലിന് എതിരെ ശക്തമായ ആക്രമണങ്ങള്‍ ഹിസ്ബുല്ല നടത്തിയിരുന്നു. ഹിസ്ബുല്ലയെയും തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് 2024 ഒക്ടോബര്‍ ഒന്നിന് ലബ്‌നാനില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയത്. ഹിസ്ബുല്ലയുടെ പ്രതിരോധത്തില്‍ നൂറിലധികം സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. എലൈറ്റ് വിഭാഗമായ ഗോലാനി ബ്രിഗേഡും കനത്ത നാശം നേരിട്ടു. പരിക്കേറ്റ ആയിരത്തില്‍ അധികം സൈനികര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുമാണ്. 50ല്‍ അധികം മെര്‍ക്കാവ ടാങ്കുകളും ഹിസ്ബുല്ല തകര്‍ത്തു. കൂടാതെ നിരവധി ഹെര്‍മിസ്-450 ഡ്രോണുകളും ഹിസ്ബുല്ലയുടെ അത്യാധുനിക മിസൈലുകള്‍ വായുവില്‍ വച്ച് തന്നെ തകര്‍ത്തു.

ഇസ്രായേലിന്റെ 2006ലെ ലബ്‌നാന്‍ അധിനിവേശം 34 ദിവസം നീണ്ടു നിന്നിരുന്നു. 150ല്‍ അധികം ഇസ്രായേലി സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. 20 മെര്‍ക്കാവ ടാങ്കുകളും ഒരു ഹെലികോപ്റ്ററും നഷ്ടമായി. യുദ്ധത്തിലും ഇസ്രായേല്‍ പരാജയപ്പെട്ടെന്നാണ് അവര്‍ തന്നെ രൂപീകരിച്ച വിനോഗ്രാഡ് കമ്മീഷന്‍ കണ്ടെത്തിയത്. ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആയില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അത് സത്യമാണെന്ന് ഈ യുദ്ധവും തെളിയിച്ചു.

Next Story

RELATED STORIES

Share it