Sub Lead

അഴിമതി-തട്ടിപ്പ് കേസിലെ നെതന്യാഹുവിന്റെ വിചാരണയും ബങ്കറിലേക്ക്

നെതന്യാഹുവിനെതിരേ മൂന്നു ക്രിമിനല്‍ കേസുകളാണ് നിലവില്‍ കോടതിയിലുള്ളത്.

അഴിമതി-തട്ടിപ്പ് കേസിലെ നെതന്യാഹുവിന്റെ വിചാരണയും ബങ്കറിലേക്ക്
X

തെല്‍ അവീവ്: അഴിമതിക്കേസിലെ വിചാരണ തെല്‍ അവീവിലെ ഭൂഗര്‍ഭ ബങ്കറില്‍ നടത്തണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജറുസലേം ജില്ലാ കോടതിയില്‍ നടക്കേണ്ടിയിരുന്ന വിചാരണയാണ് തെല്‍ അവീവ് ജില്ലാ കോടതിയിലെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയിരിക്കുന്നത്. നെതന്യാഹുവിനെ ആരെങ്കിലും കൊല്ലാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തിന്റെ റിപോര്‍ട്ടും കൂടി പരിഗണിച്ചാണ് നടപടി.

ഗസയില്‍ അധിനിവേശം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ അടുത്തവര്‍ഷത്തേക്ക് മാറ്റണമെന്ന ആവശ്യവും നെതന്യാഹു ഉയര്‍ത്തിയിരുന്നു. വിചാരണക്കായി ഒരു സ്ഥലത്ത് സ്ഥിരമായി വരുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും കോടതിയില്‍ സ്ഥിരമായി ഹാജരാവുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഈ രണ്ടുവാദവും കോടതി തള്ളി.

കഴിഞ്ഞ സെപ്റ്റംബറില്‍ ലബ്‌നാനില്‍ നിന്നും ഹിസ്ബുല്ല അയച്ച ഡ്രോണ്‍ നെതന്യാഹുവിന്റെ വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ തകര്‍ത്തിരുന്നു. അതിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസിലെ ഭൂഗര്‍ഭ അറയിലാണ് നെതന്യാഹു ഔദ്യോഗിക കൃത്യങ്ങള്‍ നടത്തുന്നത്. സുരക്ഷാപ്രശ്‌നങ്ങളുള്ളതിനാല്‍ നെതന്യാഹുവിന്റെ മകന്റെ കല്യാണവും മാറ്റിവച്ചിരുന്നു.

നെതന്യാഹുവിനെതിരേ മൂന്നു ക്രിമിനല്‍ കേസുകളാണ് നിലവില്‍ കോടതിയിലുള്ളത്. ഒരു ശതകോടീശ്വരനില്‍ നിന്നും സമ്മാനങ്ങള്‍ കൈപറ്റി ആനുകൂല്യങ്ങള്‍ നല്‍കിയെന്നാണ് ഒരു കേസ്. മാധ്യമങ്ങളില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് രണ്ടാമത്തെ കേസ്. തനിക്ക് പോസിറ്റാവായ മാധ്യമ ശ്രദ്ധ കിട്ടാന്‍ ഒരു ടെലകോം കമ്പനിക്ക് ഇളവുകള്‍ നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് മൂന്നാമത്തെ കേസായത്.

അഴിമതിക്കേസില്‍ നെതന്യാഹുവിന് മേല്‍ കുറ്റം ചുമത്തിയ 2020ല്‍ വിചാരണക്കായി പ്രത്യേക കെട്ടിടം തന്നെ നിര്‍മിച്ചിരുന്നു. നെതന്യാഹു വിചാരണ ചെയ്യുപ്പെടുന്നത് കാണാന്‍ പൊതുജനങ്ങള്‍ കോടതി പരിസരത്ത് തടിച്ചു കൂടിയതു കൊണ്ടാണ് പുതിയ കെട്ടിടം നിര്‍മിക്കേണ്ടി വന്നത്.

Next Story

RELATED STORIES

Share it