Sub Lead

പുതിയ എംപിമാരില്‍ 43 ശതമാനവും ക്രിമിനല്‍കേസ് പ്രതികള്‍

രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട 539 പേരില്‍ 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസ് നിലവിലുണ്ട്.

പുതിയ എംപിമാരില്‍ 43 ശതമാനവും ക്രിമിനല്‍കേസ് പ്രതികള്‍
X

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ എംപിമാരില്‍ 43 ശതമാനം പേര്‍ ക്രിമിനല്‍ കേസ് പ്രതികളെന്നു റിപോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍ജിഒ പുറത്തുവിട്ട കണക്കിലാണ് വിവരങ്ങളുള്ളത്. 2014ലെ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള എംപിമാരുടെ എണ്ണം 26 ശതമാനം കൂടിയെന്നാണു റിപോര്‍ട്ടിലുള്ളത്.

രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട 539 പേരില്‍ 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസ് നിലവിലുണ്ട്. ആകെ എംപിമാരുടെ 43 ശതമാനം വരുമിത്. ബിജെപിയുടെ 116 എംപിമാരുടെ പേരിലാണ് ക്രിമിനല്‍ കേസുകളുള്ളത്. കോണ്‍ഗ്രസിന്റെ 29, ജെഡിയുവിന്റെ 13, ഡിഎംകെയുടെ 10, ടിഎംസിയുടെ നാല് എംപിമാര്‍ക്കെതിരേയാണ് കേസ് നിലവിലുള്ളത്. ഇതില്‍തന്നെയാവട്ടെ 29 ശതമാനം പേരും ബലാല്‍സംഗം, കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിലാണ് പ്രതിസ്ഥാനത്തുള്ളത്. 29 നിയുക്ത എംപിമാര്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയതിനാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2009ല്‍ 162 എംപിമാരുടെ പേരിലാണ് ക്രിമിനല്‍ കേസുണ്ടായിരുന്നതെങ്കില്‍ പിന്നീടിങ്ങോട്ട് വര്‍ധിക്കുകയായിരുന്നു. 2014ല്‍ 184 എംപിമാര്‍ക്കെതിരേയാണ് കേസുകളുണ്ടായിരുന്നത്. 2009ല്‍ നിന്നു 2019ലെ ലോക്‌സഭയിലേക്കെത്തുമ്പോള്‍ ക്രിമിനല്‍ കേസുകളുള്ള എംപിമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ പ്രജ്ഞാ സിങ് താക്കൂര്‍ ഭോപ്പാലില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ 3.5ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരെ 204 കേസുകളാണ് പരിഗണനയിലുള്ളത്.




Next Story

RELATED STORIES

Share it