Big stories

മണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു

ആറ് വീടുകള്‍ക്കും തീയിട്ടു.

മണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
X

ഇംഫാല്‍: മണിപ്പൂരില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു. ജിരിബാം ജില്ലയില്‍ അഞ്ച് ദേവാലയങ്ങള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. കുക്കി അവാന്തരവിഭാഗമായ മാര്‍ ഗോത്രങ്ങളുടെ ദേവാലയങ്ങളാണ് ഇവ. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി, ഇഎഫ്‌സിഐ പള്ളി തുടങ്ങിയവ ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സേനയുടെ സാന്നിധ്യത്തില്‍ നടന്ന ആക്രമണത്തിന് മെയ്‌തെയ് സായുധ സംഘങ്ങളാണ് നേതൃത്വം നല്‍കിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച്ച കുക്കി ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയെ ജിര്‍ബാം ജില്ലയില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നിരുന്നു. അതിന് ശേഷം 10 പേരെ കുക്കി തീവ്രവാദികളാണെന്ന് ആരോപിച്ച് പോലിസും വെടിവച്ചു കൊന്നു. ഇതിന് ശേഷം മെയ്‌തെയ് വിഭാഗത്തിലെ ഏതാനും പേരെ കാണാതായി. അവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ ഇന്നലെ അസം അതിര്‍ത്തിയിലെ ഒരു നദിയില്‍ നിന്നും കണ്ടെത്തി. ഇതോടെ ഇംഫാലില്‍ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇന്നലെ മൂന്നു മന്ത്രിമാരുടെയും ആറ് എംഎല്‍എമാരുടെയും വീട് ആക്രമിക്കപ്പെട്ടിരുന്നു. അതിന് ശേഷം ആള്‍ക്കൂട്ടം മുഖ്യമന്ത്രിയുടെ തറവാട് ആക്രമിക്കാന്‍ ശ്രമിച്ചു.

അതേസമയം, മണിപ്പൂരില്‍ സമാധാനം വീണ്ടെടുക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാന കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി. കിംവദന്തികളില്‍ വിശ്വസിക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഇതിനിടെ, സായുധ സേനകള്‍ക്കുള്ള പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. കഴിഞ്ഞദിവസം ആറ് പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രാബല്യത്തിലാക്കിയ നിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it