Sub Lead

അപകട മരണമുണ്ടായാല്‍ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും; ജീവനക്കാര്‍ക്ക് പോലിസ് ക്ലിയറന്‍സ് നിര്‍ബന്ധം

മത്സരയോട്ടം ഒഴിവാക്കുന്നതിനായി ബസുകളെ ജിയോ ടാഗ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറക്കാന്‍ കടുത്ത നടപടികളുമായി ഗതാഗതവകുപ്പ്. സ്വകാര്യ ബസ് ഇടിച്ച് ആരെങ്കിലും മരിച്ചാല്‍ ബസിന്റെ പെര്‍മിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കും. അപകടത്തില്‍ ആര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റാല്‍ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിനൊപ്പം ബസ് ഓടിക്കുന്നയാളുടെ െ്രെഡവിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. മത്സരയോട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്നത്. എന്നാല്‍, യാതൊരു തരത്തിലുള്ള മത്സരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ബാങ്ക് ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സ്വകാര്യ ബസുകളില്‍ െ്രെഡവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരെ നിയമിക്കുന്നതിന് നിലവില്‍ മാനദണ്ഡങ്ങളില്ല. ഇനി മുതല്‍ പോലിസ് വെരിഫിക്കേഷന് ശേഷം മാത്രമേ നിയമനങ്ങള്‍ അനുവദിക്കൂ. മയക്കുമരുന്നുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ യാതൊരുവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടില്ലെന്ന പോലീസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ സ്വകാര്യ ബസില്‍ ജീവനക്കാരനായി നിയമിക്കാവൂ.

ഡ്രൈവറെ കുറിച്ചുള്ള പരാതികള്‍ അറിയിക്കുന്നതിനായി ഒരു ഫോണ്‍ നമ്പര്‍ പതിപ്പിക്കാനും ഉടമകളോട് ആവശ്യപ്പെട്ടു. ആരുടെ നമ്പറാണ് കൊടുത്തിരിക്കുന്നത് എന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുകയും വേണം. ഇതില്‍ ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നീട് പതിപ്പിക്കുന്ന നമ്പര്‍ എംവിഡിയുടേതായിരിക്കും. ബസിലെ എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ആര്‍ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സരയോട്ടം ഒഴിവാക്കുന്നതിനായി ബസുകളെ ജിയോ ടാഗ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഉടമകള്‍ക്ക് മൂന്ന് മാസത്തെ സമയമുണ്ട്. ഉടമകള്‍ മുന്‍കൈയെടുത്ത് ചെയ്യുന്നില്ലെങ്കില്‍ ഇത് സര്‍ക്കാര്‍ ചെയ്യും. ഇതോടെ വാഹനത്തിന്റെ വേഗതയില്‍ ഉള്‍പ്പെടെ നിയന്ത്രണം ഉണ്ടാകും. ഇതിനൊപ്പം സമയം തെറ്റിച്ച് ഓടുന്ന വണ്ടികള്‍ക്ക് പിഴയീടാക്കുകയും ചെയ്യുമെന്നാണ് ഉടമകളെ അറിയിച്ചിരിക്കുന്നത്. ബസുടമകള്‍ തന്നെ ഇത് ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആളുകള്‍ കുറവാണെന്ന് കാണിച്ച് ട്രിപ്പ് കട്ടുചെയ്യുന്ന ബസുകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. രാത്രി വൈകിയും ഓടേണ്ട റൂട്ടുകളില്‍ ഈ ട്രിപ്പുകള്‍ ഒഴിവാക്കിയാല്‍ പെര്‍മിറ്റ് ലംഘനത്തിന് നടപടി സ്വീകരിച്ച് പെര്‍മിറ്റ് റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, കളക്ഷന്‍ ഇല്ലാത്ത റൂട്ടില്‍ സ്ഥിരമായി ഒരു ബസ് തന്നെ ഓടണമെന്ന് വാശിപിടിക്കില്ലെന്നും ബസുകള്‍ മാറിയോടാമെന്നും ഇക്കാര്യം ആര്‍ടിഒമാരെ അറിയിച്ചാല്‍ മതിയെന്നും മന്ത്രി വിശദീകരിച്ചു.

Next Story

RELATED STORIES

Share it