Sub Lead

സംഭലില്‍ ഒരു ക്ഷേത്രവും കണ്ടെത്തിയില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി; ക്ഷേത്രത്തിന്റെ താക്കോല്‍ കൈയ്യിലുണ്ടെന്ന് ഉടമകള്‍

2006ലാണ് ക്ഷേത്രം ഉപേക്ഷിച്ചതെന്നും ആരും ഭൂമി കൈയ്യേറിയിട്ടില്ലെന്നും ക്ഷേത്രപരിപാലന ചുമതലയുണ്ടായിരുന്ന ധര്‍മേന്ദ്ര രസ്‌തോഗി പറഞ്ഞു.

സംഭലില്‍ ഒരു ക്ഷേത്രവും കണ്ടെത്തിയില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി; ക്ഷേത്രത്തിന്റെ താക്കോല്‍ കൈയ്യിലുണ്ടെന്ന് ഉടമകള്‍
X

ലഖ്‌നോ: സംഭല്‍ ജില്ലയില്‍ ഒരു ക്ഷേത്രവും കണ്ടെത്തിയിട്ടില്ലെന്ന് സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ശ്യാം ലാല്‍ പാല്‍. 1978ല്‍ നടന്ന വര്‍ഗീയ കലാപത്തിന് ശേഷം ഹിന്ദുക്കള്‍ ഉപേക്ഷിച്ചു പോയ ക്ഷേത്രം കണ്ടെത്തിയെന്ന ജില്ലാഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ശ്യാം ലാല്‍ പാല്‍ ഇങ്ങനെ പറഞ്ഞത്. ക്ഷേത്രത്തിന് സമീപത്തെ കിണറില്‍ നിന്ന് പൊട്ടിപ്പൊളിഞ്ഞ വിഗ്രഹങ്ങള്‍ ലഭിച്ചെന്നും ജില്ലാഭരണകൂടം പറഞ്ഞിരുന്നു. ഇതിനെ ശ്യാം ലാല്‍ പാല്‍ ചോദ്യം ചെയ്തു.

'' ഒരു ക്ഷേത്രവും എവിടെയും കണ്ടെത്തിയിട്ടില്ല. കുഴിച്ച പ്രദേശങ്ങളില്‍ പോയി നോക്കൂ. ഒരിടത്തും ക്ഷേത്രം കണ്ടെത്തിയിട്ടില്ല. എല്ലാ ആരാധനാലയങ്ങളും ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെ തന്നെയായിരുന്നു എല്ലാ കാലത്തും. എല്ലാവരും സാഹോദര്യത്തോടെ ജീവിക്കണം. ജനങ്ങളുടെ ശാന്തിയും സമാധാനവും ബിജെപി നശിപ്പിക്കുകയാണ്.''-ശ്യാം ലാല്‍ പാല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് ഭരിച്ച മുന്‍സര്‍ക്കാരുകള്‍ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ സമാജ് വാദി പാര്‍ട്ടി നേതാവും എംപിയുമായ രാം ഗോപാല്‍ യാദവും ചോദ്യം ചെയ്തു. '' സംഭലിലെ ക്ഷേത്രം പൂട്ടിച്ചു എന്ന ആരോപണം തെറ്റാണ്. ക്ഷേത്രം നില്‍ക്കുന്ന ഭൂമിയുടെ ഉടമകള്‍ മറ്റേതോ പ്രദേശത്തേക്ക് താമസം മാറിയപ്പോള്‍ അവര്‍ തന്നെ ക്ഷേത്രം പൂട്ടുകയാണ് ചെയ്തത്. കാവിക്കുപ്പായം ധരിച്ചവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നതിന് എന്താണ പരിഹാരമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ബിജെപി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഹിന്ദു കുടുംബം രംഗത്തെത്തി. 2006ലാണ് ക്ഷേത്രം ഉപേക്ഷിച്ചതെന്നും ആരും ഭൂമി കൈയ്യേറിയിട്ടില്ലെന്നും ക്ഷേത്രപരിപാലന ചുമതലയുണ്ടായിരുന്ന രസ്‌തോഗി കുടുംബത്തിലെ ധര്‍മേന്ദ്ര രസ്‌തോഗി പറഞ്ഞു. '' മുസ് ലിംകളെ കുറിച്ചുള്ള ഭയം കൊണ്ടല്ല ക്ഷേത്രം ഉപേക്ഷിച്ചത്. ക്ഷേത്രത്തിന്റെ താക്കോല്‍ ഇപ്പോളും കൈവശമുണ്ട്. ''-അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് സമീപം കണ്ടെത്തിയെന്ന് മുറിയും രസ്‌തോഗി കുടുംബം നിര്‍മിച്ചതാണ്. '' പ്രദേശത്തെ മുസ്‌ലിംകളുമായി ഒരു പ്രശ്‌നവുമില്ല. ക്ഷേത്രം നന്നായി നോക്കിയിരുന്നു. ആരും കൈയ്യേറ്റത്തിന് ശ്രമിച്ചിരുന്നില്ല. ക്ഷേത്രത്തിന് സമീപത്തെ മുറി ഗോഡൗണ്‍ ആയാണ് ഉപയോഗിച്ചിരുന്നത്. പോലിസ് ചോദിക്കുമ്പോഴെല്ലാം താക്കോല്‍ കൊടുക്കാറുണ്ടായിരുന്നു.'' -ധര്‍മേന്ദ്ര രസ്‌തോഗിയുടെ മകന്‍ പറഞ്ഞു.

രസ്‌തോഗി കുടുംബം ക്ഷേത്രത്തിന് സമീപമാണ് ജീവിച്ചിരുന്നതെന്ന് പ്രദേശവാസിയായ പ്രദീപ് വര്‍മ പറഞ്ഞു. 1993 വരെ അവര്‍ ഇവിടെയുണ്ടായിരുന്നു. അതിന് ശേഷം ഇടക്കിടെ നാട്ടില്‍ വന്ന് പൂജ ചെയ്യുമായിരുന്നു. താക്കോല്‍ അവരുടെ കൈയ്യില്‍ തന്നെയായിരുന്നു.''-പ്രദീപ് ശര്‍മ പറഞ്ഞു.

പതിനാറ് വര്‍ഷം മുമ്പ് വരെ ക്ഷേത്രത്തില്‍ പൂജ നടക്കാറുണ്ടായിരുന്നതായി സമാജ് വാദി പാര്‍ടി എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് പറഞ്ഞു. ക്ഷേത്രം പൂട്ടിയിട്ടത് രസ്‌തോഗി കുടുംബമായിരുന്നു. താക്കോലും അവരുടെ കൈവശമാണ്. പ്രദേശത്തെ മുസ്‌ലിംകളാണ് ക്ഷേത്രത്തിന്റെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it