Sub Lead

ദേശീയപാത 66 വികസനം: സമര സമിതിയുടെ നിര്‍ദേശം തള്ളി ഭരണകൂടം

ജില്ലാ കലക്ടര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സമര സമിതി നേതാവ് ഹാഷിം ചേന്നംമ്പിളളി തേജസ് ന്യൂസിനോട് പറഞ്ഞു. പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനു മുമ്പ് എന്തിനാണ് തിടുക്കത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ദേശീയപാത 66 വികസനം:  സമര സമിതിയുടെ നിര്‍ദേശം തള്ളി ഭരണകൂടം
X

കൊച്ചി: ദേശീയപാത 66ന്റെ വികസനത്തിന്റെ പേരില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തുന്ന സംയുക്ത സമര സമിതിയുടെ നിര്‍ദേശം തള്ളി എറണാകുളം ജില്ലാ ഭരണകൂടം.കലക്ടര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സമരസമതി. ദേശീയ പാത 66 ല്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ 23.5 മീറ്റര്‍ എലിവേറ്റഡ് ഹൈവേ പ്രായോഗികമല്ലെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വ്യക്തമാക്കി.100 വര്‍ഷത്തേക്കാണ് എലിവേറ്റഡ് ഹൈവേ വിഭാവനം ചെയ്യുന്നത്. അത് ആറ് വരി പാതയായി പണിയേണ്ടി വരും. കൂടാതെ മീഡിയനും നടപ്പാതയും പണിയണം. ഇപ്പോള്‍ ഏറ്റെടുക്കുന്ന 45 മീറ്ററിനേക്കാള്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. 4 വരി പാത നിര്‍മ്മിക്കുന്നതിന് ഒരു കിലോ മീറ്ററിന് 34. 59 കോടി രൂപ ചെലവ് വരുമ്പോള്‍ എലിവേറ്റഡ് ഹൈവേയ്ക്ക് 95.14 കോടി രൂപ ചെലവ് വരുമെന്നും കലക്ടര്‍ മുഹമ്മദ് വൈ സഫീറുളള വ്യക്തമാക്കി. ദേശീയപാത ആക്ട് 1956, ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ടും ചട്ടങ്ങളും 2013 എന്നിവ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 1956ലെ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരവും മറ്റ് പാക്കേജുകളും 2013ലെ ആക്ട് പ്രകാരം നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് പാസാക്കിയിട്ടുള്ളത് 2015 ആഗസ്റ്റ് 28 ലെ ഇന്ത്യാ ഗസറ്റില്‍ 1834 ാം നമ്പറായി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 100 ശതമാനവും പഞ്ചായത്തുകളില്‍ 120 ശതമാനം നഷ്ടപരിഹാരം ലഭിക്കും. വീടിനും കെട്ടിടങ്ങള്‍ക്കും പഴക്കം കണക്കിലെടുക്കാതെ എല്ലാ പ്രദേശങ്ങളിലും നഷ്ടപരിഹാരം ലഭിക്കും. നോട്ടിഫിക്കേഷന്‍ വന്ന തീയതി മുതല്‍ തുക നല്‍കുന്നത് വരെ മൊത്തം തുകയ്ക്ക് 12 ശതമാനം പലിശയും ലഭിക്കും. വ്യാപാരികളുടെയും വാടകക്കാരുടെയും നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനിക്കുന്ന പ്രകാരം നടപടി സ്വീകരിക്കും. വീടുകളും കെട്ടിടങ്ങളും പുനര്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നിലവിലുള്ള പഞ്ചായത്ത്,നഗരസഭ കെട്ടിട നിയമപ്രകാരം അനുമതി നല്‍കും. പാതയോരത്ത് നിന്ന് 80 മീറ്റര്‍ ദൂരത്തില്‍ നിര്‍മാണങ്ങള്‍ മരവിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജില്ലാ കലക്ടര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സമര സമിതി നേതാവ് ഹാഷിം ചേന്നംമ്പിളളി തേജസ് ന്യൂസിനോട് പറഞ്ഞു.സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനു മുമ്പ് എന്തിനാണ് തിടുക്കത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതെന്നും ഹാഷിം ചേന്നംമ്പിള്ളി ചോദിച്ചു.പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നത് വരെയെങ്കിലും ജില്ലാ ഭരണ കൂടം കാത്തിരിക്കണം. അതിന് തയാറാകാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്നതില്‍ നിന്നും കലക്ടര്‍ പിന്മാറണമെന്നും സമര സമതി നേതാവ് ഹാഷിം ചേന്നംമ്പിള്ളി ആവശ്യപ്പെട്ടു. ഏറ്റെടുത്ത 30 മീറ്ററില്‍ അടിയന്തരമായി ആറുവരിപ്പാത നിര്‍മ്മിക്കുക, അല്ലെങ്കില്‍ 10 വരി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുക, ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് ജംഗ്ഷനില്‍ അടക്കം എല്ലാ കവലകളിലും അനേകം കുടുംബങ്ങളെ തെരുവാധാരമാക്കുന്ന നിര്‍ദ്ദിഷ്ട 45 മീറ്റര്‍ അലൈന്‍മെന്റും പദ്ധതിയും ഉപേക്ഷിക്കുക, ദേശീയപാതയില്‍ ഭീമമായ ടോള്‍ ഏര്‍പ്പെടുത്താനുളള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.




Next Story

RELATED STORIES

Share it