Sub Lead

കേരളത്തിലെ എന്‍ഐഎ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി

കേരളത്തിലെ എന്‍ഐഎ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളെയും ജനകീയ സമരപ്രവര്‍ത്തകരെയും വ്യാജ കേസുകളില്‍ വേട്ടയാടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എന്‍ഐഎയുടെ കേരളത്തിലെ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. എന്‍ഐഎ കേരളത്തില്‍ ആദ്യമായി ഏറ്റെടുത്ത പാനായിക്കുളം കേസ് മുതല്‍ അവസാനം ഏറ്റെടുത്ത താഹ -അലന്‍ കേസില്‍ വരെ നിരപരാധികളെ വേട്ടയാടുകയാണ് ചെയ്തത്. വസ്തുതകള്‍ക്ക് പകരം മുന്‍വിധിയും ഭരണകൂട താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തിയാണ് എന്‍ഐഎ അന്വേഷണം നടത്തുന്നതെന്നതാണ് ഇതുവരെയുളള അനുഭവം. ഇത് ശരിവയ്ക്കുന്ന വിധിയാണ് എറണാകുളം എന്‍ഐഎ കോടതി പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് അല്‍ ഖ്വയ്ദ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത എന്‍ഐഎയുടെ ഇത്തരം മുന്‍ നടപടികള്‍ കൂടി മുന്നില്‍ വച്ചേ വിലയിരുത്താനാവൂ.

സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാരുകളും രാഷ്ട്രീയ നേട്ടത്തിനായാണ് എന്‍ഐഎ അന്വേഷണങ്ങളെ ഉപയോഗിച്ചത്. കള്ളക്കടത്തും നികുതി വെട്ടിപ്പും മാത്രം വരുന്ന സ്വര്‍ണക്കടത്ത് കേസിനെ രാജ്യദ്രോഹക്കേസാക്കി പരിവര്‍ത്തിപ്പിച്ചത് എന്‍ഐഎ വന്നതോടെയാണ്. മുഖ്യമന്ത്രി തന്നെയാണ് എന്‍ഐഎയെ കത്തയച്ച് വിളിപ്പിച്ചത്.

ത്വാഹ, അലന്‍ എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു തെളിവുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. കേരള മുഖ്യമന്ത്രി ആ വേട്ടയാടലിനെയും ന്യായീകരിക്കുകയായിരുന്നു. മഅ്ദനി കേസിലും സമാനമായ മറ്റ് നിരവധി കേസുകളിലും എന്‍ഐഎ അന്വേഷണങ്ങള്‍ നിരപരാധികളെ ഇരുമ്പഴിക്കുള്ളിലാക്കുന്നതിനായിരുന്നു. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹ വിഷയത്തിലും എന്‍ഐഎ കടന്നു വന്നത് യാദൃശ്ചികമല്ല. സംഘപരിവാറിന് ഇനിയും പിടികൊടുക്കാത്ത കേരളത്തിലും സംഘപരിവാറിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്ന മമത ബാനര്‍ജി മുഖ്യമന്ത്രിയായ ബംഗാളിലും ഭീകരവാദ പ്രവര്‍ത്തനം സ്ഥാപിച്ചെടുക്കാന്‍ എന്‍ഐഎ നടത്തുന്ന ഇടപെലുകള്‍ സംശയത്തോടെ മാത്രമേ കാണാനാവൂ. ഈ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി എന്‍ഐഎയെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്ന കാര്യങ്ങള്‍ മാത്രം മുന്നില്‍വച്ച് കാര്യങ്ങള്‍ വിലയിരുത്താതെ യാഥാര്‍ഥ്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘപരിവാര്‍ പദ്ധതികളെ കേരളീയ പൊതുസമൂഹം അതീവ ജാഗ്രതയോടെ കാണണം. സംഘപരിവാര്‍ ഭരണകൂടത്തിനു വേണ്ടി മനുഷ്യവേട്ട നടത്തുന്ന എന്‍ഐഎ പോലുള്ള സംവിധാനങ്ങളെ കണ്ണടച്ച് ന്യായീകരിക്കുന്നവര്‍ വലിയ അപകടമാണ് രാജ്യത്തെ ജനാധിപത്യത്തിനു മതനിരപേക്ഷതയ്ക്കും വരുത്തിവയ്ക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

NIA interventions in Kerala is Mysterious: Welfare Party




Next Story

RELATED STORIES

Share it