Sub Lead

ഒമിക്രോണ്‍ വ്യാപനം; ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഒമിക്രോണ്‍ വ്യാപനം; ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 25 മുതലാണ് കര്‍ഫ്യൂ പ്രാബല്യത്തില്‍ വരിക. രാത്രി 11 മണി മുതല്‍ ലൈകീട്ട് അഞ്ച് വരെയാണ് നിയന്ത്രണം. വിവാഹങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കും 200 പേരില്‍ കൂടരുതെന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കരുതല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം.

മാസ്‌കില്ലാതെ വരുന്നവര്‍ക്ക് സാധനങ്ങള്‍ വില്‍പ്പന നടത്തില്ലെന്ന് വ്യാപാരികള്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. എല്ലാ കടയുടമകളോടും വ്യാപാരികളോടും 'മാസ്‌ക് ഇല്ലെങ്കില്‍, ചരക്കില്ല' എന്ന നയം പിന്തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും യുപിയിലെത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റെയില്‍വേ, ബസ് സ്‌റ്റേഷനുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മധ്യപ്രദേശിന് ശേഷം രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് യുപി. രാത്രി 11 മുതല്‍ രാവിലെ 5 വരെ രാത്രി കര്‍ഫ്യൂ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്നലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പറഞ്ഞിരുന്നു.

രണ്ടുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശിലെ രാത്രി കര്‍ഫ്യൂ ഉത്തരവ്. വ്യാഴാഴ്ച യുപിയിലുടനീളം 31 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഏപ്രില്‍- മെയ് മാസങ്ങളില്‍ പ്രതിദിനം കണ്ടെത്തിയ പതിനായിരക്കണക്കിന് കേസുകളേക്കാള്‍ വളരെ കുറവാണ്. സംസ്ഥാനത്ത് ഇതുവരെ രണ്ട് ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it