Sub Lead

നിപ: സമ്പര്‍ക്കപ്പട്ടികയിലെ കൂടുതല്‍പേരുടെ പരിശോധനാഫലം ഇന്ന്; കോഴിക്കോട് നിയന്ത്രണം കര്‍ശനം

നിപ: സമ്പര്‍ക്കപ്പട്ടികയിലെ കൂടുതല്‍പേരുടെ പരിശോധനാഫലം ഇന്ന്; കോഴിക്കോട് നിയന്ത്രണം കര്‍ശനം
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭ്യമാവും. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെടുകയും ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുകയും ചെയ്തവരുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമേകിയിട്ടുണ്ട്. അതിനിടെ, പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിയന്ത്രണം കര്‍ശനമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് നഗരസഭ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഫറോക്ക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഫറോക്കില്‍ 1080 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ ആറ് നിപ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് പേര്‍ മരണപ്പെട്ടു. സ്രവ പരിശോധന നടത്തിയവരില്‍ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിപ ആദ്യം റിപോര്‍ട്ട് ചെയ്ത മേഖലയില്‍ നിന്നു വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയക്കാനുള്ള നടപടി തുടങ്ങി. ഇതുസംബന്ധിച്ചുള്ള കേന്ദ്ര സംഘം പരിശോധന നടത്തി കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ട്. അതിനിടെ, ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച കൂടി അവധി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it